18 October Thursday

സിപിഐ എം സംസ്ഥാന സമ്മേളനം: ജില്ലയിൽനിന്ന് 164 ദീപശിഖകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

കണ്ണൂർ > സിപിഐ എം സംസ്ഥാന സമ്മേളന നഗരിയിലേക്ക് ജില്ലയിൽനിന്ന് 164 ദീപശിഖാ പ്രയാണങ്ങൾ. 1940 സെപ്തംബർ 15 ന് തലശേരി ജവഹർഘട്ടിൽ ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റ് മരിച്ച അബുവും ചാത്തുക്കുട്ടിയും മുതൽ 2016 ഒക്ടോബർ പത്തിന് ആർഎസ്എസ് ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയ പാതിരിയാട് വാളാങ്കിച്ചാലിലെ കെ മോഹനൻവരെയുള്ള 164 ധീരരക്തസാക്ഷികളുടെ സ്മൃതിമണ്ഡപങ്ങളിൽനിന്നാണ് ദീപശിഖാ പ്രയാണങ്ങൾ. ഏറ്റവും കൂടുതൽ ദീപശിഖകൾകൊണ്ടുപോകുന്നതും കണ്ണൂരിൽനിന്ന്. ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം താണ്ടിയ കനൽപാതകളുടെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്  രക്തസാക്ഷികളുടെ ഈ നീണ്ട നിര. 

കണ്ണൂരിലെ രാഷ്ട്രീയസംഘർഷത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരും കണ്ണൂരിനെ സിപിഐ എം അക്രമങ്ങളുടെ കേന്ദ്രമായി വിലയിരുത്തുന്നവരും മനസ്സിരുത്തി പഠിക്കേണ്ട പാഠംകൂടിയാണിത്. കമ്യൂണിസ്റ്റ് പാർടിയെപ്പോലെ വേട്ടയാടപ്പെട്ട മറ്റൊരു രാഷ്ട്രീയ കക്ഷി കണ്ണൂരിലില്ല. ആദ്യകാലത്ത് ബ്രിട്ടീഷ് സർക്കാരും ജന്മിനാടുവാഴിത്ത ശക്തികളും ചേർന്ന് ഈ പ്രസ്ഥാനത്തെ മുളയിലേ തച്ചുതകർക്കാൻ ശ്രമിച്ചെങ്കിൽ പിന്നീട് കോൺഗ്രസിന്റെയും വർഗീയ‐ തീവ്രവാദശക്തികളുടെയും ഊഴം. ഏറ്റവുമൊടുവിൽ കേന്ദ്രാധികാരത്തിന്റെ ഹുങ്കിൽ ആർഎസ്എസ് ക്രിമിനൽ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് ജില്ലയിൽ. നിരവധി സിപിഐ എം പ്രവർത്തകരെ ഒന്നിനുപിറകെ ഒന്നായി വകവരുത്തി. എന്നിട്ടും വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ തങ്ങളാണ് ഇരകളെന്നു സ്ഥാപിക്കാനാണ് ശ്രമം. ഇതിനായി ദേശീയതലത്തിൽ സംഘടിതമായ നുണപ്രചാരണം നടത്തുന്നു. രാഷ്ട്രീയതാൽപര്യം മാത്രം ലാക്കാക്കി കോൺഗ്രസും മറ്റു സിപിഐ എം വിരുദ്ധരും ഇതിന് കൂട്ടുനിൽക്കുന്നു. 
ഇത്തരം നുണപ്രചാരണങ്ങളെ തുറന്നുകാട്ടിയായിരിക്കും ആയിരക്കണക്കിന് അത്ലറ്റുകളുടെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണങ്ങൾ. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി 577 ദീപശിഖാ പ്രയാണങ്ങളാണ് തൃശൂരിലെ സംസ്ഥാനസമ്മേളന നഗരിയിലെത്തുക. കയ്യൂരിൽനിന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള പതാക ജാഥയ്ക്കും കാസർകോട് പൈവെളികയിൽനിന്ന് സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് എംഎൽഎയുടെ നേതൃത്വത്തിലുള്ള പ്രധാന ദീപശിഖയ്ക്കും കാസർകോട് ജില്ലയിലെ അനുബന്ധ ദീപശിഖകൾക്കുമൊപ്പം ജില്ലയിലെ ദീപശിഖകളും ഒന്നിക്കും. 17, 18 തിയതികളിലാണ് ജില്ലയിൽ പതാക‐ ദീപശിഖാ ജാഥകളുടെ പര്യടനം. 
കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി 17ന് വൈകിട്ട് 5.30ന് കാലിക്കടവിൽ വച്ച് ജില്ലയിലേക്കു പ്രവേശിക്കുന്ന ജാഥ  പയ്യന്നൂർ പെരുമ്പയിൽ സമാപിക്കും. കരിവെള്ളൂർ, ഓണക്കുന്ന്, വെള്ളൂർ ആൽ, വെള്ളൂർ ബാങ്ക്, കോത്തായിമുക്ക് എന്നിവിടങ്ങളിലും വരവേൽപ്പുണ്ടാകും. അടുത്ത ദിവസം രാവിലെ 8.30ന് എടാട്ട് കോളേജ് പരിസരത്തുനിന്ന് തുടങ്ങി വൈകിട്ട് 5.30ന് അഴിയൂരിൽ സമാപിക്കും. 19ന് കോഴിക്കോട് ജില്ലയിലാണ് പര്യടനം.  

 

പ്രധാന വാർത്തകൾ
Top