22 September Saturday

ശോഭയോടെ ഉദിനൂരിന്റെ ആതിഥ്യം

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017
ഉദിനൂര്‍ > ഉദിനൂരില്‍ നടന്ന ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല മത്സരം മഹനീയമായ ആതിഥ്യത്താല്‍ തിളങ്ങി. കുരുന്നു പ്രതിഭകളെ വരവേല്‍ക്കാന്‍ നാട് നേരത്തേതന്നെ ഒരുങ്ങിയിരുന്നു. പ്രതിഭകളെ സ്വാഗതംചെയ്ത് സ്കൂള്‍ കവാടത്തില്‍ അഭിവാദ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.
വിശാലമായ ഓഡിറ്റോറിയം അണിയിച്ചൊരുക്കിയാണ് ഉദ്ഘാടന വേദി സജ്ജീകരിച്ചത്. ഹൈടെക് ക്ളാസ് മുറികള്‍ ക്വിസ് മത്സരത്തിനായും തയ്യാറാക്കി. സ്കൂള്‍ അധ്യാപകര്‍, പിടിഎ കമ്മിറ്റി, പ്രദേശവാസികള്‍ എന്നിവരുടെ ഉത്സാഹത്തില്‍ മത്സരം ഗംഭീര വിജയമായി. മത്സരത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമടക്കം ചായയും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും നല്‍കി. ഹരിതശോഭ ചൊരിയുന്ന സ്കൂളിന്റെ അന്തരീക്ഷം വിവിധ സബ്ജില്ലകളില്‍നിന്നെത്തിയ കുട്ടികളുടെയും രക്ഷിതാക്കളുടെയും മനംകവര്‍ന്നു. പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്കൂള്‍ ആതിഥ്യത്തിലും ഒളിമങ്ങാത്ത ശോഭ തെളിയിച്ചു. 
കുട്ടികള്‍ ക്വിസ് മത്സരത്തിനായി ക്ളാസ്മുറിയിലെത്തിയപ്പോള്‍ ഒപ്പം വന്ന രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഉത്തരം പറയുമ്പോള്‍തന്നെ സമ്മാനം നല്‍കിയ ഇന്‍സ്റ്റന്റ് ക്വിസ് മത്സരത്തിലും എല്ലാവരും പങ്കാളിയായി. വിനോദ് പായം മത്സരം നിയന്ത്രിച്ചു.
പ്രധാന വാർത്തകൾ
Top