20 September Thursday

മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ സിറ്റിങ്‌: 21 പരാതികൾ പരിഗണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018
കാസർകോട്‌
സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ സിറ്റിങ്ങിൽ  21 പരാതികൾ  പരിഗണിച്ചു.  കടാശ്വാസ സംബന്ധമായി കൂടുതല്‍ പരാതികള്‍ കമീഷന്‍ മുമ്പാകെ ലഭിച്ചു. അവ അടുത്ത അദാലത്തില്‍ പരിഗണിക്കും. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ അധ്യക്ഷനായി.  കമീഷൻ ശുപാർശ പ്രകാരം  അനുവദിച്ച ആശ്വാസ തുക വായ്പാ കണക്കില്‍ വരവുവച്ചത്, വായ്പാ കണക്ക് തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടായത്, കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്കാത്തത്, കടാശ്വാസ തുകയില്‍ കൂടുതല്‍ വരുന്ന ബാധ്യയുള്ളത് അടക്കാന്‍ കഴിയാതെ വന്നതിനു പരിഹാരം തേടല്‍ എന്നിങ്ങനെ വിവിധങ്ങളായ പരാതികളാണ്  പരിഗണിച്ചത്. 
 കടാശ്വാസം 2010ല്‍ ശുപാര്‍ശ ചെയ്തിട്ടും സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം കടാശ്വാസം നിഷേധിച്ച മൂന്നു കേസുകളില്‍ ആശ്വാസ തുക അനുവദിക്കുന്നതിനു സഹകരണ സംഘം രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.   ജില്ലാ സഹകരണ ഹൗസിങ്‌  സൊസൈറ്റിയില്‍നിന്ന്‌  വായ്പയെടുത്ത കടാശ്വാസം ശുപാര്‍ശ ചെയ്ത രണ്ടുകേസുകളില്‍ സഹകരണ ഓഡിറ്റ് വിഭാഗത്തില്‍ വന്ന പിശകുകാരണം അനുവദിച്ച ആശ്വാസ തുകയില്‍ കുറവുവന്ന 71,721 രൂപ ഇരു കക്ഷികള്‍ക്കുമായി അനുവദിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്കു നിർദേശം നല്‍കി. 
ഒന്നാംഘട്ട അര്‍ഹത പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട്‌  സഹകരണ ബാങ്കുകളിൽനിന്ന്‌  വായ്പയെടുത്ത മൂന്നു മത്സ്യത്തൊഴിലാളികളുടെ വായ്പയ്ക്ക് കടാശ്വാസമായി 1,08,897 രൂപ അനുവദിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്കും മത്സ്യത്തൊഴിലാളിയില്‍ നിന്ന്‌  അധികം വാങ്ങിയ 10,589 രൂപ തിരികെ നല്‍കാന്‍ ബാങ്കിനും കമീഷന്‍ നിർദേശം നൽകി.  മുന്‍ ഉത്തരവ് അനുസരിച്ചു കടാശ്വാസ തുക കൈപ്പറ്റിയ ശേഷവും ഈടാധാരങ്ങള്‍ തിരികെ നകാത്ത  തൃക്കരിപ്പൂര്‍ റൂറല്‍ ഹൗസിങ്‌  സൊസൈറ്റിയുടെ നടപടിയിൽ  കമീഷൻ  അതൃപ്തി പ്രകടിപ്പിച്ചു. ഈടാധാരം തിരികെ നല്‍കി കമീഷന് റിപ്പോര്‍ട്ട് ചെയ്യാന്‍ സൊസൈറ്റിയോട് നിർദേശിച്ചു. .
 കേരള ഗ്രാമീണ്‍ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ നിന്നും വായ്പയെടുത്ത മൂന്നു കേസുകള്‍ കാലഹരണപ്പെട്ട വായ്പകളായതിനാല്‍ കടാശ്വാസം അനുവദിക്കാന്‍ നിർവാഹമില്ലെന്നും  കാലഹരണ നിയമത്തിന് ഭേദഗതി വരുത്താല്‍ ജനറല്‍ മാനേജരുടെ സര്‍ക്കുലറുകള്‍ നിയമ പ്രകാരം സാധുതയുള്ളതല്ലെന്നും  കമീഷന്‍ വ്യക്തമാക്കി.  
സിറ്റിറ്റിങ്ങിൽ  കമീഷന്‍ അംഗം കൂട്ടായി ബഷീര്‍,  നിരീക്ഷകന്‍ ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.  ജില്ലാ സഹകരണ സംഘം അസി.  രജിസ്ട്രാര്‍ കെ മുരളീധരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എസ് പി കൃഷ്ണരാജ്, ധനകാര്യ സ്ഥാപനങ്ങളുടെ  പ്രതിനിധികളും പങ്കെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top