14 November Wednesday

മാരന്റെ കുടുംബത്തിന്‌ സർക്കാർ 5 ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
5 ലക്ഷം രൂപ നൽകി
കാടകം 
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുമാരന്റെ വീട് മന്ത്രി ഇ ചന്ദ്രശേഖരൻ സന്ദർശിച്ചു. സർക്കാർ സഹായമായി അഞ്ചുലക്ഷം രൂപ കുടുംബത്തിന്‌ കൈമാറി.  കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട കൊട്ടംകുഴി പട്ടിക വർഗ കോളനിയിലെ കുമാരൻ എന്ന മാരന്റെ വീടാണ്‌ മന്ത്രി  സന്ദർശിച്ചത്‌. 
പകൽ  പന്ത്രണ്ടോടെ  കൊട്ടംകുഴിയിലെത്തിയ മന്ത്രി അര കിലോമീറ്റർ നടന്നാണ് കോളനിയിലെ വീട്ടിലെത്തിയത്. എഡിഎം എൻ ദേവീദാസൻ, ഡിവിഷണൽ  ഫോറസ്ററ് ഓഫീസർ എം രാജീവൻ, അഡീഷണൽ തഹസിൽദാർ പിപി ചാക്കോ  എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരും കാറഡുക്ക പഞ്ചായത്ത്  സ്റ്റാൻഡിങ്‌ കമ്മിറ്റി  ചെയർമാൻ എ വിജയകുമാർ, ബങ്കളം കുഞ്ഞികൃഷ്ണൻ, എം കൃഷ്ണൻ, മോഹനൻ കാടകം എന്നിവരും മന്ത്രിയോടൊപ്പമുണ്ടായി. കുമാരന്റെ അമ്മ ചരുമ്പിയെയും സഹോദരിമാരെയും കണ്ടു. വന്യമൃഗങ്ങളുടെ ആക്രമണം കൊണ്ട് മരണപ്പെട്ടവർക്കുള്ള സർക്കാർ സഹായത്തിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് അമ്മ ചരുമ്പിക്ക് മന്ത്രി കൈമാറി. തുടർന്ന് ബന്ധുക്കളോട് സംസാരിച്ചു. അര മണിക്കൂർ കോളനിയിൽ ചെലവഴിച്ചാണ് മന്ത്രി തിരിച്ചുപോയത്. 
കഴിഞ്ഞ ബുധനാഴ്ചയാണ് കുമാരന്റെ മൃതദേഹം  കൊട്ടംകുഴി പാറപ്പള്ളം കാട്ടിൽ കണ്ടെത്തിയത്. പരിയാരത്തേക്ക് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു.  മരണകാരണം കാട്ടാനയുടെ  ആക്രമണമാണെന്നും  ശരീരഭാഗങ്ങൾ പൂർണമായും പൊടിഞ്ഞുപോയെന്നുമാണ്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌.  ആദ്യ ഘട്ടത്തിൽ വനം വകുപ്പ് അടിയന്തിര സഹായമായി പതിനായിരം രൂപ നൽകിയിരുന്നു. അവിവാഹിതനായ മകന്റെ മരണത്തോടെ അറുപത്തിനാലുകാരിയായ അമ്മ ചരുന്പി വീട്ടിൽ തനിച്ചായതോടെയാണ് സർക്കാർ നടപടികൾ വേഗത്തിലാക്കി രണ്ടു ദിവസത്തിനുള്ളിൽ തുക നൽകിയത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top