23 September Sunday

പൊലീസ്‌ സ്‌റ്റേഷനിലെ സൺഡേ ക്ലിനിക്‌ സൂപ്പർ

സ്വന്തം ലേഖകൻUpdated: Monday Sep 10, 2018
തൃക്കരിപ്പൂർ 
‘ഹലോ  ചന്തേര പൊലീസ് സ്റ്റേഷൻ അല്ലെ; ഇന്ന് ഡോക്ടറുണ്ടോ.’  ഞായറാഴ്ചകളിൽ ചന്തേര പൊലീസ് സ്റ്റേഷനിൽ രാവിലെ മുതൽ വരുന്ന വിളികൾ   ആണ്. ചന്തേര ജനമൈത്രീ പൊലീസ് സ്റ്റേഷൻ താലോലം ക്ലിനിക്കിൽ ഞായറാഴ്ചത്തെ സൗജന്യ സേവനമാണ്  രോഗികൾക്ക് ആശ്വാസമാകുന്നത്.
പരാതി പറയാൻ പൊലീസിനെയും അസുഖം വന്നാൽ ഡോക്ടറെയും കാണാൻ പോകുന്ന പതിവിനു ചന്തേരയിൽ ചെറിയൊരു വ്യത്യാസമുണ്ട്. അസുഖം വന്നാലും ഇവിടെ പൊലീസ് സ്റ്റേഷനിൽ പോയാൽ മതി. ചികിത്സക്ക് റെഡിയായി ഇവിടെ ഡോക്ടർ ഉണ്ടാവും. എല്ലാ ഞായറാഴ്ചകളിലും ഡോക്ടറുടെ സേവനം ഉറപ്പാക്കിയിരിക്കുകയാണ് ഇവിടെ.  ഒന്നര മാസം മുന്പ്‌  തുടങ്ങിയ താലോലം ക്ലിനിക്‌   വലിയ ആശ്വാസമാവുകയാണ്. 
രാവിലെ 10  മുതൽ പകൽ 12 വരെയാണ് സൗജന്യ ചികിത്സ. ശരാശരി 50 ഓളം പേർ  ദിവസവും എത്തുന്നു.   അവധി ദിനമായതിനാൽ ഡോക്ടറുടെ 'സേവനം ലഭിക്കാതെ ആരും വിഷമിക്കരുത് എന്ന ചിന്തയിൽ നിന്നാണ് പൊലീസ് സ്റ്റേഷനിലെ ക്ലിനിക്‌  യാഥാർഥ്യമായത്‌.  ചന്തേര ജനമൈത്രീ പൊലീസ് ഈ ആശയം ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ  ശ്രദ്ധയിൽ എത്തിച്ചു. മുന്പ്‌  ഡോക്ടറായിരുന്ന അദ്ദേഹം അതിന് പൂർണ പിന്തുണ നൽകി. ചെറുവത്തൂർ വി വി സ്മാരക സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. പ്രവീൺ കുമാർ ആണ് പൊലീസ്‌ സ്‌റ്റേഷനിലെ ഡോക്ടർ.  ചൈൽഡ് ഫ്രണ്ട്ലി ക്ലിനിക്‌  ആണെങ്കിലും മുതിർന്നവർ ചികിത്സക്ക് എത്തിയാൽ മടക്കിവിടാറില്ല. സ്റ്റേഷന് സമീപം ചികിത്സക്കായി പ്രത്യേക മുറി ഏർപ്പെടുത്തിയിട്ടുണ്ട്.
 ഡിവൈഎസ്‌പി  പി കെ സുധാകരൻ, എസ്ഐ വിപിൻചന്ദ്രൻ, ജനമൈത്രീ ബീറ്റ് ഓഫീസർ കെ വി  പ്രദീപൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം.  എല്ലാ ബീറ്റ് ഓഫീസർമാരും ഇതിന് പിന്തുണ നൽകുന്നു.  അത്യാവശ്യമരുന്നുകൾ കൂടി നൽകുന്നുണ്ട്‌. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top