19 July Thursday

നഷ്ടപരിഹാരം നല്‍കല്‍ വേഗത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

 കാസര്‍കോട് > കൊച്ചി- കൂറ്റനാട്- മംഗളൂരു ഗ്യാസ് പൈപ്പ്ലൈന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഭൂവുടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷനായി. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. കാര്‍ഷികവിളകളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും എം രാജഗോപാലന്‍ എംഎല്‍എ നിര്‍ദേശിച്ചു. 

ജില്ലയില്‍ നഷ്ടപരിഹാരമായി അഞ്ചുകോടി രൂപയോളം വിതരണം ചെയ്തിട്ടുണ്ടെന്ന് ഗെയില്‍ പ്രതിനിധികള്‍ അറിയിച്ചു. ജില്ലയില്‍ 35 വില്ലേജിലായി 83.11 കിലോമീറ്റര്‍ നീളത്തിലാണ് ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. പുതുവൈപ്പിനില്‍ നിന്നാരംഭിച്ച പൈപ്പ്ലൈന്‍ സ്ഥാപിക്കലിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ടം അടുത്തവര്‍ഷം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 3263 കോടി രൂപയുടേതാണ് പദ്ധതി. 20 മീറ്ററാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കിലും പൈപ്പ്ലൈനിന്റെ ഇരുവശത്തുമായി അഞ്ചുമീറ്റര്‍ വീതം ആകെ പത്തുമീറ്ററാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. നാലടിയിലേറെ താഴ്ചയിലൂടെയാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത്. ജില്ലയില്‍ ആശാവഹമായ പുരോഗതിയാണ് പദ്ധതി നടത്തിപ്പിലുള്ളതെന്ന് ഗെയില്‍ പ്രതിനിധികള്‍ പറഞ്ഞു. പാര്‍പ്പിട മേഖലകളെ ഒഴിവാക്കി കാര്‍ഷികാനുബന്ധ മേഖലയിലൂടെയാണ് പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. വിളകള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ജനപ്രതിനിധികളെയും തദ്ദേശവാസികളെയും വിശ്വാസത്തിലെടുത്തായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുകയെന്ന് ഗെയില്‍ പ്രതിനിധികള്‍ പറഞ്ഞു.
കിണര്‍, കുഴല്‍കിണര്‍, ആഴത്തിലുള്ള ഖനനം എന്നിവ പാടില്ല. ആഴത്തില്‍ വേരുകള്‍ വളരുന്ന  വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പാടില്ല. പഴയപടി കൃഷിചെയ്യാന്‍ തടസമില്ല. 2012 മുതലുള്ള വിലയാണ് നാണ്യവിളകള്‍ക്ക് കണക്കാക്കുന്നതെങ്കിലും ഉല്‍പന്നത്തിന്റെ  കൂടി വിലയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ഇതിന്റെ ഭാഗമായി മതിലുകള്‍ നീക്കിയിട്ടുണ്ടെങ്കില്‍ അതിനും നഷ്ടപരിഹാരം നല്‍കും. ഇതുവരെ ഒരു വീടുപോലും ഈ ആവശ്യത്തിന് പൊളിച്ചുനീക്കേണ്ടിവന്നിട്ടില്ല. നെല്‍വയലുകളില്‍ ഒരു സെന്റിന് 3761 രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. ഇതിനുപുറമെ ഭൂമിയുടെ പുതുക്കിയ വിലയനുസരിച്ച് നഷ്ടപരിഹാരം നല്‍കും. മരങ്ങള്‍ മുറിച്ചുമാറ്റിയാല്‍ ഭൂവുടമകള്‍ക്ക് മരം ഉപയോഗിക്കാം. അതിനുള്ള നഷ്ടപരിഹാരം ഗെയില്‍ നല്‍കും. 
പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗം, വില്ലേജ് ഓഫീസര്‍ എന്നിവരുമായി  ബന്ധപ്പെട്ട് ഭൂവുടമകള്‍ക്ക്  മുന്‍കൂട്ടി  നോട്ടീസ് നല്‍കിയാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കേണ്ടതെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഭൂനികുതി അടച്ച രസീതിയും ആധാരത്തിന്റെ കോപ്പിയും  ഹാജരാക്കണം. പൊതുജനങ്ങള്‍ക്കുകൂടി പാചകവാതകം  ലഭ്യമാക്കുന്നതിന്  ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങളിലും ഇതുപയോഗിക്കാന്‍ സാധിക്കും. ഇതിന് പ്രത്യേകം പൈപ്പ്ലൈന്‍ സ്ഥാപിക്കും. 
ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ജയലക്ഷ്മി കാസര്‍കോട്, എല്‍എ സ്പെഷ്യല്‍ തഹസില്‍ദാര്‍ പ്രതാപന്‍, ഗെയില്‍ ജനറല്‍ മാനേജര്‍ വിവേക് വദ്ധദാര്‍, ഗെയില്‍ സീനിയര്‍ മാനേജര്‍ ആന്റണി ഡിക്രൂസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ എം അശോക്കുമാര്‍, എന്‍ എസ് പ്രസാദ്, എല്‍എ ഡെപ്യൂട്ടി കലക്ടര്‍ ശശിധരഷെട്ടി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 
 
കാര്‍ഷിക വിളകള്‍ക്ക് 
നഷ്ടപരിഹാരം നല്‍കി 
 
കാസര്‍കോട് > ഗെയില്‍ പൈപ്പ്ലൈന്‍ കടന്നുപോകുന്ന വില്ലേജുകളില്‍ കാര്‍ഷികവിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കി. 
ചീമേനി വില്ലേജില്‍ 20,02,270 രൂപ, കയ്യൂരില്‍ 3,08,24,113 രൂപ, ക്ളായിക്കോട് 1,59,33,737 രൂപ, കൊടക്കാട് 37,46,811 രൂപ, പേരോല്‍- നീലേശ്വരം 6,06,063 രൂപ, അമ്പലത്തറ 88,69,234 രൂപ, പേരോലില്‍ 41,11,133 രൂപ, പനയാലില്‍ 58,91,930 രൂപ, പുല്ലൂരില്‍ 1,50,69,393 രൂപ, എടനാട് 1,04,927 രൂപ, ഹേരൂരില്‍ 1,02,38,875 രൂപ, ഇച്ചിലംപാടിയില്‍ 86,19,253 രൂപ, കണ്ണൂരില്‍ 5,64,837 രൂപ, കയ്യാറില്‍ 96,61,102 രൂപ, കിദൂരില്‍ 69,93,532 രൂപ, കോയിപ്പാടിയില്‍ 5,47,155 രൂപ, ബേക്കൂറില്‍ 11,23,312 രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാര തുക നല്‍കിയത്.
പ്രധാന വാർത്തകൾ
Top