12 December Wednesday
ഇന്ന്‌ ലോക സാക്ഷരതാ ദിനം

‘ഞങ്ങക്ക്‌ പേരെഴുതാനെങ്കിലും പഠിക്കണം’

എ കെ രാജേന്ദ്രൻUpdated: Saturday Sep 8, 2018

പുതിയ പാഠം; പുതിയ ജീവിതം.... ചെറുപനത്തടി പട്ടിക വർഗ കോളനിയില്‍ പള്ളിച്ചിയും തമ്പായിയും ദാമോദരനും മോതിരയും സാക്ഷരത പഠനകേന്ദ്രത്തില്‍ എത്തിയപ്പോള്‍

രാജപുരം

പള്ളിച്ചിക്കും, തമ്പായിക്കും, മോതിരക്കും ദാമോദരനും കൈവിരലുകള്‍ക്ക് വിറയലുണ്ട്‌.  കല്ലുപെന്‍സിൽ  കൈയില്‍ ഒതുങ്ങുന്നില്ല. കാഴ്ച്ചക്ക് മങ്ങലേറ്റു. എന്നാലും 52 വയസ്സുള്ള പള്ളിച്ചിക്കും 53 വസസ്സുള്ള തമ്പായിക്കും 53 വയസ്സുള്ള മോതിരക്കും അമ്പത് വയസ്സുള്ള ദാമോദരനും  ഒരു ആഗ്രഹം ഉണ്ട്; തങ്ങളുടെ പേര്‌  തെറ്റുകൂടാതെ  എഴുതണം. പത്രങ്ങള്‍ വായിക്കാന്‍ പഠിക്കണം;  കേട്ടെഴുത്തും പരീക്ഷയും ഒന്നും വേണ്ട. ഇനി മറ്റാരുടെയും മുന്നില്‍ ഞങ്ങള്‍ എഴുതാനും വായിക്കാനും തല കുനിക്കില്ല‐  ജീവിതപ്രയാസങ്ങള്‍ക്ക് ഇടയില്‍ സ്‌കൂളിന്റെ പടിവാതില്‍ കാണാന്‍ മറന്നുപോയ കള്ളാര്‍ പഞ്ചായത്തിലെ ചെറുപനത്തടി പട്ടിക വർഗ കോളനിയിലെ ഒരു കൂട്ടം കോളനി നിവാസികളുടെ വാക്കുകളാണിത്‌. 
സംസ്ഥാന സര്‍ക്കാര്‍  നൂറുകോളനികളെ തെരഞ്ഞെടുത്ത്  എഴുതാനും വായിക്കാനും അറിയാത്തവരെ അക്ഷരം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര എന്ന പദ്ധതി നടപ്പാക്കുകയാണ്.  പട്ടികവർഗ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന  പദ്ധതിയുടെ നടത്തിപ്പ് ചുമതല ജില്ലാ സാക്ഷരത മിഷനാണ്. ഇതിന്റെ ഭാഗമായി ജില്ലയില്‍ അഞ്ച്  പട്ടികവർഗ കോളനികളെയാണ് തെരഞ്ഞെടുത്തത്. ചെറുപനത്തടിയില്‍ 70 പേരും  കുമ്പള പഞ്ചായത്തിലെ  മാവിലക്കട്ട കോളനിയിൽ 14 പേരും മടിക്കൈ പഞ്ചായത്തിലെ കണ്ടോവയലിൽ  12 പേരും കുറ്റിക്കോല്‍ പഞ്ചായത്തിലെ കളക്കര 40 പേരും   വെസ്റ്റ് എളേരി പഞ്ചായത്തിലെ കടോക്കര 60 പേരും ഉള്‍പ്പെടെ  196 പേര്‍ക്കാണ്  പദ്ധതി നടപ്പാക്കുന്നത്. 
4, 7, 10 11 എന്നി ക്ലാസുകളിലാണ് പഠനം. പട്ടികവർഗ  വിഭാഗത്തിൽപെട്ട  പ്രായപരിധി ഇല്ലാതെ എഴുതാനും വായിക്കാനും അറിയാത്തവരെയും വിവിധ കാരണങ്ങള്‍ കൊണ്ട് തുടര്‍ പഠനം സാധ്യമാകാത്തവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് പരിശീലനം നൽകാൻ  ജില്ലയില്‍ അഞ്ചുപേരെ  തെരഞ്ഞെടുത്തിട്ടുണ്ട്്.  പുറമെ സാക്ഷരത പ്രേരക്മാര്‍  മേല്‍നോട്ടം വഹിക്കും. ഇതോടൊപ്പം സാമൂഹ്യ സക്ഷരത പരിപാടിയും കോളനിയില്‍ നടപ്പാക്കുന്നു.  
ചെറുപനത്തടി കോളനിയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. പൂർണമായും വായിക്കാനും എഴുതാനും അറിയാത്ത 31 പേരാണ് ഉള്ളത്. പലര്‍ക്കും അമ്പതിനും മുകളില്‍ പ്രായം ആയെങ്കിലും എഴുത്ത് പഠിക്കാന്‍ പ്രായം  പ്രശനം അെല്ലന്ന്  ഊരു മൂപ്പന്‍ മോതിര പറയുന്നു.  53 കഴിഞ്ഞ മോതിര സ്‌കൂളില്‍ പോയിട്ടില്ല. ചെറുപ്പത്തില്‍ തന്നെ കൂലിപ്പണിക്ക് പോയതിനാല്‍ പഠിക്കാനുള്ള അവസരം ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ്  പാഠശാലയില്‍ എത്തിയത്‌. 
പ്രധാന വാർത്തകൾ
Top