26 September Wednesday
റോഡുകൾ തകർന്നു

മലയോര യാത്ര നടുവൊടിക്കും

സ്വന്തം ലേഖകൻUpdated: Saturday Sep 8, 2018
ബന്തടുക്ക
മലയോരത്തെ ഉൾപ്രദേശ റോഡുകൾ തകർന്നു. ബന്തടുക്കയിൽ നിന്നും കോളിച്ചാലിലേക്ക് മാനടുക്കം വഴി  യാത്രചെയ്‌താൽ നടുവൊടിയുമെന്നത്‌ ഉറപ്പാണ്‌.  നടന്നുപോകാൻ പോലും കഴിയാത്ത വിധമാണ്‌ റോഡുകൾ തകർന്നത്‌. വളവുകളും കയറ്റിറക്കങ്ങളും വീതി കുറവും മാത്രമല്ല കുഴികളും കാരണം യാത്ര ദുസ്സഹമാണ്‌. ബന്തടുക്കയിൽനിന്നും ഒമ്പത്‌ കിലോമീറ്ററുണ്ട് കോളിച്ചാലിലേക്ക്. ഇതിൽ മാനടുക്കം കുടുംബക്ഷേമ ഉപകേന്ദ്രത്തിന് സമീപം വരെ നാല് കിലോമീറ്ററോളം തകർന്നിടത്ത് കഴിഞ്ഞവർഷം റീടാറിങ് ചെയ്തിട്ടുണ്ട്. തുടർന്നുള്ള മാനടുക്കം, തൊടുപ്പനം, രണ്ട്ചാൽ, പാടി, തിമ്മൻചാൽ, എരിഞ്ഞിലംകോട് തുടങ്ങിയവിടങ്ങളിലാണ് പൂർണമായും തകർന്നത്. നിർദിഷ്ട മലയോര ഹൈവേ കടന്നുപോകുന്ന റോഡാണിത്.
ബേഡഡുക്ക പഞ്ചായത്തലെ വാവടുക്കം ഭാഗത്താകട്ടെ റോഡ് നിറയെ കുഴികളാണ്. വാവടുക്കം പാലം മുതൽ കയറ്റിറക്കങ്ങളും വളവുകളുമുള്ള ഭാഗത്താണ് കൂടുതൽ തകർന്നത്. മഴ മാറിയാലും വാവടുക്കം കവലയിലെ കുഴികളിൽ ചെളിവെള്ളം നിറഞ്ഞുനിൽക്കുന്നത് സമീപത്തെ കടകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
തോർക്കുളത്തും വലിയ  കുഴികളുണ്ട്. മലയോരത്തേക്കുള്ള സമാന്തര പാതകളായ പൊയിനാച്ചി‐ ബന്തടുക്ക റോഡിനെയും, മാവുങ്കാൽ‐ പാണത്തൂർ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. ബേഡഡുക്ക പഞ്ചായത്തിലെ കാഞ്ഞിരത്തിങ്കാലിൽനിന്നും തുടങ്ങി കോടോം‐ ബേളൂർ പഞ്ചായത്തിലെ ഒടയഞ്ചാലിലെത്തുന്നു. താന്നിയടി വഴി ഇരിയയിലേക്കും കല്യോട്ട് വഴി പെരിയയിലേക്കുമുള്ള ദൂരം കുറഞ്ഞ പാതയും കൂടിയാണിത്.
 
പ്രധാന വാർത്തകൾ
Top