22 October Monday

2014ന്‌ ശേഷമുള്ള അധ്യാപകനിയമനങ്ങൾ ചട്ടവിരുദ്ധം: മുൻ രജിസ്ട്രാർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

കാസർകോട്

കേന്ദ്ര സർവകലാശാലയിൽ 2014 ആഗസ്തിനുശേഷമുള്ള  അധ്യാപക നിയമനങ്ങൾ ചട്ടവിരുദ്ധമായിരുന്നുവെന്ന് മുൻ രജിസ്ട്രാർ വി ശശിധരൻ പറഞ്ഞു. 2010ലെ യുജിസി റഗുലേഷൻ പ്രകാരമുള്ള സെലക‌്ഷൻ  കമ്മിറ്റിയായിരുന്നില്ല നിയമനങ്ങൾ നടത്തിയത്. വകുപ്പ് തലവന്മാരെയും സ്കൂൾ ഡീൻമാരെയും ഒഴിവാക്കിയാണ് സെലക‌്ഷൻ കമ്മിറ്റി ഉണ്ടാക്കിയത്. ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് വാർത്താസമ്മേളനത്തിൽ ശശിധരൻ വ്യക്തമാക്കി. യുജിസി അനുശാസിക്കുന്ന മിനിമം യോഗ്യതയിൽ  ഇളവു വരുത്താൻ സർവകലാശാല സമിതികൾക്ക് അധികാരമില്ല. കേന്ദ്ര സർവകലാശാലയിൽ മിനിമം യോഗ്യത ഇളവ് വരുത്തിയാണ് നിയമനങ്ങൾ നടത്തിയത‌്. ഇതു സംബന്ധിച്ച് സിബിഐ അന്വേഷിക്കണം. 
യുജിസി റഗുലേഷൻ അനുസരിച്ച് അസോസിയേറ്റ് പ്രൊഫസറാകാൻ എട്ടു വർഷം അധ്യാപന/റിസർച്ച് പരിചയം നിർബന്ധമാണ്.  ആറുവർഷം അധ്യാപനപരിചയമുള്ള ഡോ. പ്രദീപൻ പെരിയാട്ടിനെ കെമിസ്ട്രി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു. പിന്നീട് പിരിച്ചുവിട്ടു. യോഗ്യതയില്ലാതെ നിയമിച്ച പ്രദീപൻ പെരിയാട്ടിന് ശമ്പളയിനത്തിൽ സർവകലാശാല 24 ലക്ഷം രൂപ നൽകി.
രജിസ്ട്രാർ നിയമനത്തിന് അധ്യാപകർക്ക് 7000 ഗ്രേഡ് പേയിൽ 15 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.   6000 ഗ്രേഡ് പേയിൽ മാത്രം അഡ്ഹോക്ക് വ്യവസ്ഥയിൽ പ്രവൃത്തി പരിചയമുള്ള സുനിൽ ഭാസ്കറിനെ മൂന്നാമതായി റാങ്ക് ചെയ്തു. കണ്ണൂർ സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ.  എ പി കുട്ടികൃഷ്ണൻ, മുൻ രജിസ്ട്രാർ എ അശോകൻ, എം ജി സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ. രാജൻ വർഗീസ് എന്നിവരെ മറികടന്നാണ് സുനിൽ ഭാസ്കറിനെ മൂന്നാമതായി റാങ്ക് ചെയ്തത്.
ഡോ. ആർ ഗിരീഷ്കുമാറിനെ കേന്ദ്ര സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിനുള്ള യോഗ്യത പരിശോധിക്കാൻ നിയോഗിച്ച എക്സ്പേർട്ട് കമ്മിറ്റി അംഗമായിരുന്നു ഡോ. ജി ഗോപകുമാർ. ഗിരീഷ്കുമാറിന് എട്ടുവർഷത്തെപ്രവൃത്തി പരിചയ(അധ്യാപന‐  റിസർച്ച്)മുണ്ടെന്ന് ഗോപകുമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. എക്സ്പേർട്ട് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാന പ്രകാരമാണ് ഗിരീഷ്കുമാറിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത്.  ഗിരിഷ്കുമാറിന്റെ നിയമനം ക്രമവിരുദ്ധമായിരുന്നുവെന്ന‌് ഗോപകുമാർ 2015ൽ മാറ്റി പറഞ്ഞു. തുടർന്ന‌് ഗിരീഷ്കുമാറിന് രാജിവെക്കേണ്ടി വന്നു. മതിയായ യോഗ്യതയില്ലാത്ത ഗിരീഷ്കുമാറിന്റെ നിയമനത്തിലൂടെ സർവകലാശാലയ്ക്ക് പത്തു ലക്ഷം രൂപ അധിക ബാധ്യതയുണ്ടായി. 
കേന്ദ്ര സർവകലാശാലകളിൽ അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ ഒബിസി സംവരണമില്ലെന്ന് യുജിസി വ്യക്തമാക്കിയിരുന്നു.   2015ൽ  വിദ്യാഭ്യാസവകുപ്പിൽ ഒബിസി സംവരണ പ്രകാരം പ്രൊഫസർ നിയമനം നടത്തി.  വിരമിച്ചവർക്ക‌് പുനർനിയമനം ലഭിച്ചാൽ ഡിയർനസ് റിലീഫിന് അർഹതയില്ലെന്ന് 1999ലെ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു മറികടന്നാണ് വൈസ് ചാൻസലർ ഡോ. ജി ഗോപകുമാർ 24 ലക്ഷം രൂപ ഡിയർനസ് റിലീഫ് ഇനത്തിൽ കൈപ്പറ്റിയത്. 
സർവകലാശാലയിലെ നിയമനാധികാരി വൈസ് ചാൻസലറാണ്. ടെക്നിക്കൽ അസിസ്റ്റന്റ് നിയമനത്തിൽ സംവരണം അട്ടിമറിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി വിസിയാണ്. സർവകലാശാലയുടെ അഴിമതിക്കെതിരെ നിലകൊണ്ടതിന് തനിക്ക് ലഭിക്കാനുള്ള 27 ലക്ഷം രൂപ തടഞ്ഞുവച്ചിരിക്കുകയാണെന്നും വി ശശിധരൻ പറഞ്ഞു.
പ്രധാന വാർത്തകൾ
Top