19 November Monday

പ്രായമായ അമ്മയെ ദ്രോഹിക്കുന്നു മകൾക്കും മരുമകനുമെതിരെ കേസെടുക്കണമെന്ന്‌ വനിതാ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018
കാസർകോട്‌
സ്വത്തിനുവേണ്ടി വൃദ്ധയായ അമ്മയെ മകളും മരുമകനും ചേര്‍ന്നു മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി വില്ലേജ് ഓഫീസറുടെ  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കാൻ  വനിത കമീഷന്‍ പൊലീസിനു നിര്‍ദേശം നല്‍കി. മാനസിക പീഡനം സഹിക്കാനാകാതെ മാനസിക സംഘര്‍ഷത്തില്‍ മരണത്തിനുവരെ കാരണമായേക്കാമെന്ന ഹോസ്ദുര്‍ഗ് വില്ലേജ് ഓഫീസറുടെ  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു  കമീഷന്‍ അംഗം  ഷാഹിദ കമാല്‍  നിര്‍ദേശം നല്‍കിയത്.
വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ നിരവധി അസുഖങ്ങള്‍ അലട്ടുന്ന ഹോസ്ദുര്‍ഗില്‍നിന്നുള്ള  തമ്പായിയമ്മ (77)യെയാണ്‌ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രധാനാധ്യാപികയായ മകളും റിട്ട.പൊലീസ് ഉദ്യോഗസ്ഥനായ മരുമകനും ചേര്‍ന്നു ദ്രോഹിക്കുന്നത്. ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി തമ്പായിയമ്മയുടെ പേരിലുള്ള മൂന്നര സെന്റ് ഭൂമി വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണു സമീപത്തു താമസിക്കുന്ന മകളും മരുമകനും ചേര്‍ന്നു  പീഡനം  തുടങ്ങിയത്.  മൂന്നു പെണ്‍മക്കള്‍ ഉള്‍പ്പെടെ നാലു മക്കളാണ് ഈ അമ്മയ്ക്ക്്. ഇതില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഇളയമകളാണ് ഏക ആശ്രയം. മറ്റു മക്കള്‍ മെച്ചപ്പെട്ട നിലയിലാണ്. സ്‌കൂളില്‍ പാചകക്കാരിയായി ജോലി ചെയ്തും മറ്റും മക്കളെപഠിപ്പിച്ചു.  വാര്‍ധക്യകാലത്തു തനിക്ക് അവരില്‍നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്ന്‌ ഏപ്രില്‍ 17ന് കലക്ടറേറ്റില്‍ നടന്ന മെഗാ അദാലത്തില്‍ ഇളയമകള്‍ക്കൊപ്പമെത്തിയ തമ്പായിയമ്മ വനിതാ കമീഷനില്‍ പരാതി നല്‍കിയിരുന്നു. തന്റെ പേരിലുള്ള ഭൂമി വില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസറോട് കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 
തമ്പായിമ്മയുടെ പേരിലുള്ള ഭൂമി വില്‍ക്കാന്‍ അനുവദിക്കാതെ പ്രായാധിക്യം മൂലമോ മാനസിക സംഘര്‍ഷത്താലോ മരിച്ചാല്‍ ഇതിന്റെ  അവകാശം തനിക്ക് കൈയടക്കാമെന്ന ലക്ഷ്യത്തോടെയാണു മകള്‍ പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലാക്കുന്നതായി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി കമീഷന്‍ വ്യക്തമാക്കി. മരുമകന്‍ ഒരിക്കല്‍ തെറിവിളിച്ചതിനെതുടര്‍ന്നു തളര്‍ന്നുവീണ തമ്പായിയമ്മയെ തൊട്ടടുത്ത് കട നടത്തുന്നയാളാണ് ആശുപത്രിയിലെത്തിച്ചത്. നല്ല സാമ്പത്തിക നിലയിലുള്ള ഇവര്‍ ഈ അമ്മയെ പരിചരിക്കുന്നില്ലെന്നും ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഇളയ മകളാണു സംരക്ഷിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തമ്പായിയമ്മയുടെ പ്രായം പോലും പരിഗണിക്കാതെയാണ് മകള്‍ ഇങ്ങനെ പെരുമാറുന്നത്‌‐ ഷാഹിദ കമാല്‍ പറഞ്ഞു. 
പ്രധാന വാർത്തകൾ
Top