20 September Thursday

മേലാങ്കോട്ടെ ഓണത്തോണി കാരുണ്യത്തിന്റെ കനിവുമായി ഇന്ന്‌ ചാലക്കുടിയിലേക്ക്‌

സ്വന്തം ലേഖകൻUpdated: Saturday Aug 25, 2018

 കാഞ്ഞങ്ങാട് 

ഓണക്കാലം കുടുംബത്തോടൊപ്പം ഓണസദ്യ ഒരുക്കിയും യാത്ര ചെയ്തും വിനോദത്തിലേർപ്പെട്ടും സന്തോഷിക്കാനില്ല മേലാങ്കോട്ടെയും അരയിയിലെയും യുവാക്കൾ.  സഹജീവികൾ വീടൊഴിഞ്ഞ് ദുരിതാശ്വാസക്യാമ്പിൽ കഴിയുമ്പോൾ അവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള പരിശ്രമവുമായി സ്നേഹത്തിന്റെ തണലുമായി 'ഓണത്തോണി’  ശനിയാഴ്‌ച  പുറപ്പെടും. മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ.യുപി സ്കൂളിന്റെയും അരയി ഗവ.യുപി സ്കൂളിന്റെയും പരിധിയിലുള്ള വിദഗ്‌ധരായ  തൊഴിലാളികളാണ് തിരുവോണ നാളിൽ മേലാങ്കോട്ട്മുന്നോട്ട്പദ്ധതിയുടെ ഭാഗമായി ചാലക്കുടിയിലേക്ക് പുറപ്പെടുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയരായ അരയി വൈറ്റ് ആർമി, പൈരടുക്കം പ്രിസം, മേലാങ്കോട്ട് സ്കൂളിലെ പിടിഎ  അംഗങ്ങൾ എന്നിവരുൾപ്പെട്ട മുപ്പതംഗ തൊഴിൽ സേനയാണ് ചാലക്കുടിയിലേക്ക്‌ പോകുന്നത്‌.  നഗരസഭ ചെയർമാൻ വി വി രമേശൻ ചാലക്കുടി നഗരചെയർപേഴ്സൺ ജയന്തിയെ ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നിരവധി പ്രവൃത്തികൾ ഏറ്റെടുത്ത്‌ പൂർത്തിയാക്കാനുള്ള ദൗത്യവുമായാണ്‌ സംഘത്തിന്റെ യാത്ര.  
താലൂക്ക് ആശുപത്രി, മറ്റ് പൊതു സ്ഥാപനങ്ങൾ,  വീടുകൾ എന്നിവ അറ്റകുറ്റപ്പണി ചെയ്തും ശുചീകരിച്ചും പ്രവർത്തന ക്ഷമമാക്കുക, വീടുകൾ വാസയോഗ്യമാക്കുക,  ഗതാഗതം പുനഃസ്ഥാപിക്കുക, കിണറുകൾ വൃത്തിയാക്കുക, കെട്ടിടങ്ങളുടെ ചുമരുകൾ പെയിന്റ് ചെയ്യുക,  ഇലക്ട്രിക് പ്ലംബിങ്‌  ജോലി,  ഫർണിച്ചറുകളും  ഇലക്ട്രോണിക് ഉപകരണങ്ങളും നന്നാക്കുക   എന്നീ പ്രവൃത്തികളാണ് അഞ്ചുദിവസം  കൊണ്ട് പൂർത്തിയാക്കുക.  പ്രദേശവാസികളുടെ ആവശ്യപ്രകാരം കൂടുതൽ ദിവസങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും ആലോചനയുണ്ടെന്ന് ഓണത്തോണിയുടെ ക്യാപ്റ്റൻ കൊടക്കാട് നാരായണൻ പറഞ്ഞു. 
മുഴുവൻ ജോലികളിലും വൈദഗ്‌ധ്യമുള്ള തൊഴിലാളികളെ ഏകോപിപ്പിച്ച് ദുരന്തനിവാരണ മേഖലയിൽ ഇടപെടുന്നതിന് പ്രത്യേക പരിശീലനം നൽകിയ ശേഷമാണ് സംഘം യാത്ര തിരിക്കുന്നത്.  അഗ്നി സുരക്ഷാ വിഭാഗം കാഞ്ഞങ്ങാട് സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ അംഗങ്ങൾക്ക് ദുരന്തനിവാരണ മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസെടുക്കും.
സുരാസു അരയി ആണ്‌ ടീം മാനേജർ.  എച്ച്‌ എൻ പ്രകാശൻ  (അസി. മാനേജർ), കൊടക്കാട് നാരായണൻ (ക്യാപ്റ്റൻ), ജി ജയൻ (വൈസ്‌ ക്യാപ്‌റ്റൻ),  കൂലോത്ത് നാരായണൻ (സാങ്കേതിക വിഭാഗം കൺവീനർ) എന്നിവർക്കാണ് നേതൃത്വം. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ  നഗരസഭ ചെയർമാൻ വി വി രമേശൻ ഓണത്തോണി ഫ്ലാഗ് ഓഫ് ചെയ്യും.
 
പ്രധാന വാർത്തകൾ
Top