16 November Friday

ഇതാ പടന്ന; ഒരു വടക്കൻ സഹായഹസ‌്തം

സ്വന്തം ലേഖികUpdated: Saturday Aug 25, 2018
കൊച്ചി
പ്രളയം ഒഴുക്കിക്കൊണ്ടുപോയതൊന്നും തിരിച്ചുകൊടുക്കാനാവില്ലെന്നറിയാമെങ്കിലും ഉയിർത്തെഴുന്നേൽക്കാൻ കൈത്താങ്ങുമായി സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമം.  കാസർകോട‌് ജില്ലയിലെ പടന്ന പഞ്ചായത്തിലെ 160 പേരാണ‌് ദുരിതാശ്വാസപ്രവർത്തനങ്ങളുമായി എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കർമനിരതരായുള്ളത‌്. പടന്ന പഞ്ചായത്തിൽനിന്ന‌് ഇതിനകം എറണാകുളം ജില്ലയിലേക്ക‌് മാത്രമെത്തിയത‌്  14 ലോഡ‌് ലോറികളാണ‌്. 
എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്ന പടന്ന സ്വദേശികൾ നടത്തിയ സഹായാഭ്യർഥന  ഗ്രാമമാകെ ഏറ്റെടുക്കുകയായിരുന്നു. പണമായും സാധനങ്ങളായും സഹായം പ്രവഹിച്ചു. അതിനായി യുവാക്കൾ ഒരു വാട‌്സാപ‌് ഗ്രൂപ്പും ഉണ്ടാക്കി പടന്നക്കാർ ഡിസാസ്റ്റർ ഹെൽപ്. അതിലൂടെയായിരുന്നു ഏകോപനം. നാട്ടിലും കൊച്ചിയിലും സംഭരണകേന്ദ്രവും സഹായ ഡെസ്കും ആരംഭിച്ചു. ലോറികളിൽ നിറച്ച സാധനങ്ങളുമായി മുപ്പതോളം യുവാക്കൾ കളമശേരിയിലെത്തി കഴിഞ്ഞ നാലുദിവസമായി ഊണും ഉറക്കവുമുപേക്ഷിച്ച‌് ജോലിയിലാണ‌്. ഇപ്പോൾ ആലുവയിലും പരിസരപ്രദേശത്തും ശുചീകരണസാമഗ്രികളാണ‌് ഇവർ എത്തിക്കുന്നത‌്. വെള്ളം കയറിയ എല്ലാ വീട്ടിലും ഇത‌് എത്തിക്കുന്നു; ഒപ്പം ഒരു നേരത്തെ ഭക്ഷണവും. പടന്നക്കാരായ മുഹമ്മദലി, ശബീർ, മനാഫ്, അൻസാരി, തസ്ലീം തുടങ്ങിയവരാണ‌് നേതൃത്വം നൽകുന്നത‌്. 
പ്രധാന വാർത്തകൾ
Top