19 November Monday

മെസിക്ക്‌ പിറന്നാളാഘോഷമൊരുക്കി കാനായിയിലെ കുട്ടിപ്പട്ടാളം

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

കാനായി അണക്കെട്ടിന് സമീപം മെസിയുടെ പ്രതിമ സ്ഥാപിച്ച് കുട്ടികൾ പിറന്നാൾ കേക്ക് മുറിക്കുന്നു.

പയ്യന്നൂർ 
ലോകകപ്പിന്റെ ആദ്യറൗണ്ട് മത്സരങ്ങളിൽ അർജന്റീന പരാജയപ്പെട്ടുവെങ്കിലും അർജന്റീനയും മെസിയും തങ്ങളുടെ ചങ്കാണെന്ന് പറഞ്ഞ് കാനായിയിലെ കുട്ടിപ്പട്ടാളം.   ലയേണൽ മെസിയുടെ മുപ്പത്തിഒന്നാം പിറന്നാളാണ് ഞായറാഴ്ച. പിറന്നാൾ ആഘോഷത്തിന്റെ മുന്നോടിയായി ശനിയാഴ്ച  മെസിയുടെ ജീവൻ തുടിക്കുന്ന പ്രതിമ കാനായി അണക്കെട്ടിന് സമീപം സ്ഥാപിച്ച് അതിന് മുന്നിൽനിന്ന് കുട്ടിപ്പട്ടാളം മെസിക്ക് ജയ് വിളിച്ച് പിറന്നാൾ കേക്ക് മുറിച്ചു. എല്ലാവരും മെസ്സിയുടെ പത്താം നമ്പർ യൂണിഫോമും അണിഞ്ഞാണ്  എത്തിയത്്.
 ചൊവ്വാഴ്ച നൈജീരിയയുമായുള്ള മത്സരത്തിൽ അർജന്റീന ജയിക്കുമെന്നും മെസ്സി ഗോളടിക്കുമെന്നും അർജന്റീനയുടെ ചങ്കായ കുട്ടികൾ ഒരേസ്വരത്തിൽ പറഞ്ഞു. 
രണ്ടുമുതൽ പത്ത് വയസുവരെയുള്ള കുട്ടിപ്പട്ടാളത്തിൽ രണ്ട് വയസുള്ള ഉത്തര, കാശിനാഥ്, അർജുൻ, ഋതുറാം, അർജുൻ രമേശ്, അലോക്, ആഗ്നേയ്, താൻവിയ, കൃഷ്ണദേവ്, ശ്രീഹരി, അപ്പു, കണ്ണൻ എന്നിവരാണുള്ളത്. രണ്ടാഴ്ച മുൻപ മെസ്സിയുടെ ഫ്ളക്സ് അടിച്ച് തരണമെന്ന് പറഞ്ഞ് കുട്ടിപ്പട്ടാളം ശിൽപി ഉണ്ണികാനായിയെ കണ്ടു. ഫ്ളക്സിന് പകരം മെസിയുടെ പ്രതിമയുണ്ടാക്കിത്തരാമെന്ന് ഉണ്ണി കാനായി കുട്ടികൾക്ക് വാക്ക് കൊടുത്തു. മറ്റു തിരക്കുകൾ മാറ്റിവച്ച് രണ്ടാഴ്ച കൊണ്ടാണ് ഉണ്ണി മെസിയുടെ ജീവൻ തുടിക്കുന്ന അർധകായ ശിൽപം തീർത്ത് കുട്ടിപ്പട്ടാളത്തിന് നൽകിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top