21 July Saturday

കൈ കൊടുത്തും കൈയിലെടുത്തും മഞ്ജു

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017

മാണിയാട്ട് കോറസ് കലാസമിതി സംഘടിപ്പിച്ച എന്‍ എന്‍ പിള്ള സ്മാരക നാടകമത്സരം സമാപനത്തിനെത്തിയ നടി മഞ്ജു വാര്യര്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

 തൃക്കരിപ്പൂര്‍ > പ്രിയ താരത്തെ നേരില്‍കാണാല്‍ മാണിയാട്ടേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. കോറസ് കലാസമിതിയുടെ ആറാമത് എന്‍ എന്‍ പിള്ള നാടകമത്സരത്തിന്റെ സമാപന ദിവസമായ ബുധനാഴ്ചയാണ് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരെത്തിയത്. അവസാന ദിവസമെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സംഘാടകര്‍ ഏറെ വിഷമിച്ചു.ദിലീപ് മുഖ്യപ്രതിയായ നടിയെ ആക്രമിച്ച സംഭവത്തിലെ കുറ്റപത്രം കോടതിയില്‍ സമര്‍പിച്ചതും അതില്‍ മുഖ്യസാക്ഷി മഞ്ജു വാര്യറാണെന്നുമുള്ള വാര്‍ത്തയെത്തിയ ദിവസമായിരുന്നു ബുധനാഴ്ച.ആ വാര്‍ത്തകളിലൊന്നും സ്പര്‍ശിക്കാതെ കാണികളുടെ മുന്നില്‍ പൂര്‍ണ സന്തുഷ്ടയാണെന്ന് ബോധ്യപ്പെടുത്തിയാണ് മഞ്ജു വേദി വിട്ടത്. ഘോഷയാത്രയായി തുറന്ന വാഹനത്തിലെത്തിയ പ്രിയ നടി പാതയോരത്തുള്ള കളിവിളക്കില്‍ തിരിതെളിച്ചാണ് ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ വേദിക്ക്  മുന്നിലെത്തിയത്. വനിതാ വളണ്ടിയര്‍മാര്‍ ഇരുവശത്തും കൈകോര്‍ത്തുപിടിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. പ്രേക്ഷകര്‍ക്ക് കൈകൊടുത്തും കൈ ഉയര്‍ത്തിയും നടി അഭിവാദ്യം ചെയ്തു. ആദ്യമായി നാടകഗ്രാമത്തിലെത്തിയ നടിക്ക് ഹൃദ്യമായ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.

കോറസ് കലാസമിതി സംഘടിപ്പിച്ച എന്‍ എന്‍ പിള്ള സ്മാരക നാടകമത്സരം സമാപിച്ചു. സമാപന സമ്മേളനം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. എം വി കോമന്‍ നമ്പ്യാര്‍ അധ്യക്ഷനായി. നാടകവിജയികള്‍ക്ക് നടി മഞ്ജുവാര്യര്‍ ഉപഹാരം നല്‍കി. നടന്‍ വിജയരാഘവന്‍ മുഖ്യാതിഥിയായി. 
പ്രധാന വാർത്തകൾ
Top