20 September Thursday

ജയിൽ അന്തേവാസികൾക്കായി ലഘുനാടകവും സംഗീത ശിൽപവും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018
കണ്ണൂർ
വായനയുടെയും പൊതു ഇടത്തിന്റെയും പ്രാധാന്യം വിളിച്ചോതി ജയിൽ അന്തേവാസികൾക്കായി ലഘുനാടകവും സംഗീത ശിൽപവും.
വായന പക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലാണ് ജയിൽ ലൈബ്രറിയുടെ സഹകരണത്തോടെ സെൻട്രൽ ജയിലിൽ കലാ അവതരണം നടത്തിയത്. തീവ്രവാദത്തെയും ജാതീയതയെയും തൂത്തെറിയാൻ വായനയും കൂട്ടായ്മയും അനിവാര്യമാണെന്ന സന്ദേശവുമായാണ് ഒരു മണിക്കൂർ നീളുന്ന കലാപരിപാടികൾ അവതരിപ്പിച്ചത്. 
പതിനായിരത്തോളം പുസ്തകങ്ങളുള്ള ജയിൽ ലൈബ്രറിയിൽനിന്ന്  മാസത്തിൽ ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ അന്തേവാസികൾ വായിക്കുന്നുണ്ട്. നൂറിലധികം ആനുകാലികങ്ങളും ലൈബ്രറിയിലുണ്ട്. തടവുകാരാണ് ലൈബ്രേറിയനായി പ്രവർത്തിക്കുന്നത്. വെൽഫെയർ ഓഫീസറുടെ നേതൃത്വത്തിൽ മികച്ച രീതിയിലാണ്  ലൈബ്രറി പ്രവർത്തിക്കുന്നത്. 
  വായന പക്ഷാചരണ പരിപാടി ജയിൽ സൂപ്രണ്ട് എൻ എസ് നിർമലാനന്ദൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു അധ്യക്ഷനായി. പയ്യന്നൂർ കുഞ്ഞിരാമൻ വായന സന്ദേശം നൽകി. ജോയിന്റ് സൂപ്രണ്ട് കെ വേണു, വെൽഫെയർ ഓഫീസർ മൻസി സി പരീത് എന്നിവർ സംസാരിച്ചു. വെൽഫെയർ  ഓഫീസർ കെ ഹരിദാസൻ സ്വാഗതവും രമേഷ് നാഥ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top