15 November Thursday

ദേശീയപാത വികസനം ഭൂവുടമകൾക്ക‌് നൽകാൻ 155 കോടികൂടി അനുവദിച്ചു

സ്വന്തം ലേഖകർUpdated: Tuesday Jun 19, 2018
തളിപ്പറമ്പ്/കണ്ണൂർ
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്കുള്ള പ്രതിഫലം നൽകുന്നതിന് 155 കോടി രൂപകൂടി ജില്ലക്ക് അനുവദിച്ചു കിട്ടി. തളിപ്പറമ്പ് താലൂക്കിലെ കുഞ്ഞിമംഗലം, മോറാഴ, കണ്ണൂർ താലൂക്കിലെ കടമ്പൂർ, ചേലോറ വില്ലേജുകളിലേക്കുള്ള നഷ്ടപരിഹാരത്തുകയാണിത്. ചേലോറ ഒഴികെയുള്ള മൂന്നു വില്ലേജുകളിലും കെട്ടിടങ്ങളുടെ നഷ്ടപരിഹാരവും ഇതിൽപ്പെടും. ചേലോറ വില്ലേജിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വിലമാത്രമാണ്. ഇവിടെ കെട്ടിടങ്ങളുടെ വിലനിർണയം പൂർത്തിയാകുന്നതേയുള്ളൂ. 
രണ്ടു താലൂക്കുകൾക്കുമായി 150 കോടി രൂപ നേരത്തെ ലഭിച്ചിരുന്നു. ഇതിൽ 110 കോടിയും വിതരണം ചെയ്തതായി ലെയ്സൺ ഓഫീസർ അബ്ദുള്ള അറിയിച്ചു. ഇതിനുപുറമെയാണ് പുതുതായി 155 കോടികൂടി ലഭിച്ചത്. ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കരിവെള്ളൂർമുതൽ മുഴപ്പിലങ്ങാടുവരെയുള്ള 12 വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണ്. ഇതിൽ ഏഴോം വില്ലേജിൽ നടപടികൾ പൂർത്തിയാക്കി നഷ്ടപരിഹാരവും പൂർണമായി നൽകിക്കഴിഞ്ഞു. 24 പേർക്കായി 8.69 കോടി രൂപയാണ് വിതരണം ചെയ്തത്. വെള്ളൂർ വില്ലേജിൽ 329 ഭൂവുടമകൾക്കായി 86.23 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 308 പേർക്കുള്ള 60 കോടി ഇതിനകം നൽകി.
സർവേ നടപടികൾ പൂർത്തിയായ മോറാഴ വില്ലേജിൽ കുറ്റിക്കോൽ പാലംമുതൽ ധർമശാല കെൽട്രോൺവരെയുള്ള ഭാഗങ്ങളിൽ 213 പേരിൽനിന്നാണ് ഭൂമി ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ 37 ഭൂവുടമകൾക്ക് 8.43 കോടി രൂപ വിതരണം ചെയ്തു. ബാക്കിയുള്ള 176 പേർക്ക്  73.36 കോടി രൂപ ജൂലൈയിൽ വിവിധ ഘട്ടങ്ങളായി വിതരണം ചെയ്യും. കുഞ്ഞിമംഗലം വില്ലേജിൽ 174 പേരിൽനിന്നാണ് ഭൂമി  ഏറ്റെടുത്തത്. നേരത്തെ 25 പേരിൽനിന്ന‌് ഏറ്റെടുത്ത ഭൂമിക്ക് 7.37 കോടി രൂപ വിതരണം ചെയ്തു. ബാക്കിയുള്ള 149 പേർക്ക് അടുത്തമാസം 47.17 കോടി രൂപ വിതരണം ചെയ്യും. സെന്റിന് അഞ്ചുലക്ഷം രൂപമുതൽ മുകളിലോട്ടാണ് വില നിശ്ചയിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ച ദിവസംമുതൽ 12 ശതമാനം പലിശയും നൽകും. 
സർക്കാർ അനുമതി ലഭിക്കുന്നതോടെ ബാക്കിയുള്ള മുഴുവൻ വില്ലേജുകളിലും തുക വിതരണം ചെയ്യാൻ നടപടിയാവുമെന്ന് ലാൻഡ് അക്വിസിഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർ മാവില നളിനി അറിയിച്ചു. 
ഇതിനിടെ പരിയാരം മെഡിക്കൽ കോളേജിനുമുൻവശം നേരത്തെ നിശ്ചയിച്ച അലൈൻമെന്റിൽ ചെറിയ മാറ്റം വരുത്തിയതോടെ ഇവിടത്തെ അറുപതോളം കടകളെ രക്ഷിക്കാനായി. ചർച്ച് മുതൽ ഔഷധിവരെയുള്ള ഭാഗത്താണ് മാറ്റം. ഇവിടെ സർക്കാർ പുറമ്പോക്ക് ഭൂമി ലഭ്യമായതിനാലാണ് മാറ്റം സാധ്യമായതെന്ന് അധികൃതർ പറഞ്ഞു. മാനുഷിക പരിഗണനയോടെ കലക്ടർ മീർ മുഹമ്മദലി കൈക്കൊണ്ട ഉറച്ച നിലപാടും സഹായകമായി. പാപ്പിനിശേരി തുരുത്തിയിൽ ഭൂമി ഏറ്റെടുക്കൽ നടപടി രണ്ടാഴ്ചത്തേക്ക് നിർത്തിയിരിക്കുകയാണ്.
പ്രധാന വാർത്തകൾ
Top