Top
22
Thursday, June 2017
About UsE-Paper

#ആര്‍എസ്എസ് അക്രമം നിടുംപൊയിലില്‍ ക്ളബ്ബും ബസ് ഷെല്‍ട്ടറും തകര്‍ത്തു

Monday Jun 19, 2017
വെബ് ഡെസ്‌ക്‌
പേരാവൂര്‍ > നിടുംപൊയിലില്‍ ആര്‍എസ്എസ് അക്രമം. ക്ളബ്ബുകളും ബസ്സ്്റ്റോപ്പും സിപിഐ എം സ്തൂപങ്ങളും കൊടിയും കൊടിമരങ്ങളും തകര്‍ത്തു. കൊമ്മേരി കറ്റ്യാട്് മേഖലകളിലാണ് ശനിയാഴ്ച രാത്രി 12ഓടെ ആര്‍എസ്എസ് ക്രിമിനലായ കണിയാംപടി സജീഷിന്റെ നേതൃത്വത്തില്‍ ഓട്ടോയിലും ബൈക്കിലുമായെത്തിയ പത്തംഗ സംഘം അക്രമം നടത്തിയത്. കൊമ്മേരിയില്‍ എന്‍ ശരത്തിന്റെ സ്മരണയ്ക്കായി നിര്‍മിച്ച ബസ്സ്റ്റോപ്പ് പൂര്‍ണമായും അടിച്ചു തകര്‍ത്തു. കൊമ്മേരി തണല്‍ സ്വാശ്രയ സംഘം സ്ഥാപിച്ച ബസ്സുകളുടെ സമയ വിവര ബോര്‍ഡ്, വാര്‍ത്താ ബോര്‍ഡ്, സിപിഐ എമ്മിന്റേയും ഡിവൈഎഫ്ഐയുടേയും കൊടിമരങ്ങള്‍, പ്രചാരണങ്ങള്‍ എന്നിവയും നശിപ്പിച്ചു. 
കൊമ്മേരി ന്യൂ ഫെയ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബിന്റെ ഷട്ടര്‍ തകര്‍ത്ത് അകത്തു കടന്ന അക്രമി സംഘം  ഫര്‍ണിച്ചറുകളും ഉപകരണങ്ങളും തകര്‍ത്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. കറ്റ്യാട്് മാക്കുറ്റി കൃഷ്ണന്‍ സ്മാരക സ്തൂപവും കൊടിമരവും തകര്‍ത്തു. മുന്‍പും പലതവണ ഈ സ്തൂപം ആക്രമിച്ചിരുന്നു. 
ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്സ് ആന്‍ഡ് യോഗാ സ്റ്റഡിസെന്റര്‍ യോഗാ പരിശീലനം നടത്തുന്നതിനായി കറ്റ്യാട് നവശക്തി സ്വാശ്രയ സംഘം നിര്‍മിച്ച ഷെഡ് പൂര്‍ണമായും തകര്‍ത്തു. കറ്റ്യാട് കണിയാംപടിയില്‍  സിപിഐ എം കൊടിമരവും കൊടിയും നശിപ്പിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടു. ആര്‍എസ്എസ് അതിക്രമത്തില്‍ സിപിഐ എം നിടുംപൊയില്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.