26 September Wednesday

കണ്ണടയ‌്ക്കാനാവുന്നില്ല; തലയ്ക്കുമേലുണ്ട് കൂറ്റൻ കല്ലുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

ഭാർഗവിയും മറിയക്കുട്ടിയും കൊട്ടിയൂർ ചപ്പമലയിൽ

 

എൻ കെ സുജിലേഷ്
കൊട്ടിയൂർ
ഇലയനക്കംപോലും വലിയ മുഴക്കങ്ങളായാണ് ഭാർഗവിയുടെയും മറിയക്കുട്ടിയുടെയും ചെവിയിലെത്തുന്നത്. കണ്ണടയ‌്ക്കുമ്പോഴേക്കും തലക്കുമുകളിലെത്തും വീഴാൻ പാകത്തിൽ നിൽക്കുന്ന കൂറ്റൻ പാറക്കല്ല്. കൊട്ടിയൂർ ചപ്പമല വാസികൾക്ക് ഉറക്കമില്ലാതായിട്ട് ദിവസങ്ങളാകുന്നു. ഭീതിയൊഴിയാത്ത ഈ കുന്നിനുമുകളിൽ ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ ഉരുൾപൊട്ടലുകൾ സമാനതകളില്ലാത്ത ദുരിതമാണുണ്ടാക്കുന്നത‌്.
ചപ്പമലയിൽ  ബുധനാഴ്ച രാത്രിയാണ് ഉരുൾപൊട്ടിയത്. നിർത്താതെ പെയ്ത മഴയിൽ ദുരിതമനുഭവിക്കുന്നതിനിടെയാണ് ഇവിടെ ദുരന്തം ഉരുൾപൊട്ടലായി എത്തിയത്. അപകട സാധ്യത കണക്കിലെടുത്ത് ഈ ഭാഗത്തുള്ളവരെ അടുത്ത വീടുകളിലേക്ക് മാറ്റിയിരുന്നു. രാത്രി പത്തോടെ കൂറ്റൻ ശബ്ദത്തോടെ ഉരുൾപൊട്ടി. എളയാനിക്കൽ ആലീസിന്റെ വീട് പൂർണമായും തകർന്നു. പുത്തൻ വീട്ടിൽ ഭാർഗവി, പുത്തൻ പറമ്പിൽ മറിയക്കുട്ടി എന്നിവരുടെ വീട് ഭാഗികമായി തകർന്നു. കുട്ടികളടക്കം മൂന്ന് വീടുകളിലുമായി പന്ത്രണ്ടുപേരാണ് ഉണ്ടായിരുന്നത്. അപകടസാധ്യത മുന്നിൽകണ്ട് താഴത്തെ വീടുകളിലേക്ക് മാറിയതിനാലാണ് വൻ ദുരന്തം  ഒഴിവായത്. 
ഉരുൾപൊട്ടലുണ്ടാക്കിയ ഞെട്ടലിൽനിന്ന് പുത്തൻപറമ്പിൽ മറിയക്കുട്ടി ഇതുവരെ മോചിതയായിട്ടില്ല. ചെറിയ ശബ്ദംപോലും ഇവരെ ഭീതിയിലാഴ്ത്തുന്നു. "പേടിയാണ്. വലിയ കല്ലുകൾ ഇളകിനിൽക്കുന്നുണ്ട്. ഏതുസമയത്തും അതിങ്ങുപോരും. വീടിന് അടിയിലെയും മണ്ണിളകി'' മറിയക്കുട്ടിയുടെയും ഭാർഗവിയുടെയും ഭീതിയും കണ്ണീരും കലർന്ന വാക്കുകൾ.
മകൻ ബിജുവിന്റെപേരിലാണ് മറിയക്കുട്ടി താമസിക്കുന്ന വീട്. ഈ വീട് കല്ലും മണ്ണുംവീണ് ഭാഗികമായി തകർന്നു. അടിഭാഗത്തുള്ള മണ്ണ് ഇടിഞ്ഞുതാണു. ഭാർഗവിയുടെ വീടിന് മുകളിലാണ് കൂറ്റൻ കല്ല് ഇളകി നിൽക്കുന്നത്. ഏതു സമയത്തും അപകടം വിതയ‌്ക്കുന്ന സ്ഥിതിയിലാണ് ഈ കല്ലുള്ളത്. വീട്ടിലേക്ക് പോകാനാവാത്ത അവസ്ഥയിലാണ് ഇവർ. കുന്നിനു താഴെയുള്ള പുത്തൻ പറമ്പിൽ സിജിലയുടെ വീട്ടിലാണ് ഇവരെല്ലാവരും കഴിയുന്നത്. ആലീസും കുടുംബവും കഴിഞ്ഞദിവസം ദുരിതാശ്വാസക്യാമ്പിലേക്ക് മാറി. 
ചപ്പമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ ചെറിയ ഉരുൾപൊട്ടലുകൾ വീണ്ടുമുണ്ടായി. ഇവിടേക്കുള്ള റോഡും തകർന്നിട്ടുണ്ട്. ഇടയ്ക്ക് മഴ ശമിച്ചെങ്കിലും നാലുദിവസത്തോളം വീണ്ടും മഴ പെയ്തത് ദുരിതം ഇരട്ടിയാക്കി. വെള്ളിയാഴ്ച മഴയ്ക്ക് ശമനമുണ്ടായെങ്കിലും അപകടഭീഷണി നിലനിൽക്കുന്നതിനാൽ വീടുകളിലേക്ക് എന്ന് മടങ്ങാനാവുമെന്ന ആശങ്കയിലാണിവരെല്ലാം.
പ്രധാന വാർത്തകൾ
Top