12 December Wednesday

മാഹിയിലെ ആർഎസ്എസ് ക്രിമിനലുകൾ കണ്ണൂരിനും ഭീഷണി

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018
തലശേരി
പുതുച്ചേരി പൊലീസിന്റെ തണലിൽ മാഹി കേന്ദ്രമാക്കി വളരുന്ന ആർഎസ്എസ് കൊലയാളി സംഘങ്ങൾ കണ്ണൂരിനും  ഭീഷണി. കണ്ണൂരിലെ  നിരവധി സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തിയത് മാഹി ചെമ്പ്ര, ഈസ്റ്റ്പള്ളൂർ കേന്ദ്രമാക്കിയുള്ള ആർഎസ്എസ് ക്രിമിനൽ സംഘം. മാഹിയിൽ നിരപരാധികളായ സിപിഐ എം നേതാക്കളുടെയും പ്രവർത്തകരുടെയും ജീവനെടുക്കുന്നതിന് പുറമെയാണിത്. കൊലപാതകം നടത്തിയശേഷമുള്ള ഒളിയിടമായും മാഹിയെ ഉപയോഗിക്കുന്നു. 
ചൊക്ലിയിലെ മാമൻവാസുമുതൽ പാതിരിയാട് വാളാങ്കിച്ചാലിലെ മോഹനൻവരെയുള്ളവരുടെ കൊലപാതകങ്ങളിൽ മാഹിയിലെ ആർഎസ്എസ്സുകാരുടെ പങ്കാളിത്തം തെളിഞ്ഞതാണ്. ആർഎസ്എസ് പ്രചാരകനായ വയനാട് സ്വദേശി മോഹനന്റെ ആസൂത്രണത്തിലായിരുന്നു മാമൻവാസു വധം. കോടിയേരി നങ്ങാറത്ത്പീടികയിലെ സിപിഐ എം ബ്രാഞ്ചംഗം കെ പി ജിജേഷിന്റെ ജീവനെടുത്തത് മാഹിയിലെ പൊലീസുകാരനുൾപ്പെട്ട ആർഎസ്എസ്സുകാരാണ്. 
മാഹി സ്റ്റേഷനിലെ ഹോംഗാർഡ് ചെമ്പ്ര പാർവതി നിവാസിൽ പി പ്രഭീഷ്കുമാറിനെ ക്രൈംബ്രാഞ്ച് സംഘം മാഹി പൊലീസ് സ‌്റ്റേഷനിൽ കയറിയാണ് അന്ന് പിടികൂടിയത‌്.  ജോലി നഷ്ടപ്പെട്ട പ്രഭീഷ്കുമാർ പിന്നീട് ആർഎസ്എസ്സിന്റെ സ്ഥിരം ക്രിമിനൽസംഘാംഗമാവുകയും സൈദാർപള്ളിക്കടുത്ത ജെടി റോഡിൽ എൻഡിഎഫ് പ്രവർത്തകൻ ഫസലിനെ കൊലപ്പെടുത്തിയശേഷം വിദേശത്തേക്ക് കടക്കുകയും ചെയ്തു. മാഹി ചെമ്പ്രയിലെ കുപ്പി സുബീഷ് പൊലീസിന് നൽകിയ കുറ്റസമ്മത മൊഴിയിൽ പ്രഭീഷ്കുമാറിനെയും പരാമർശിച്ചിരുന്നു. സിപിഐ എം നേതാക്കളായ കണ്ണവത്തെ ജി പവിത്രൻ, വാളാങ്കിച്ചാലിലെ മോഹനൻ എന്നിവരെ കൊലപ്പെടുത്തിയ സംഘത്തിലും മാഹിക്കാരുടെ സജീവപങ്കാളിത്തമുണ്ടായിരുന്നു. കണ്ണിപ്പൊയിൽ ബാബു വധം, മാഹി പന്തക്കലിലെ ഇ പി രവീന്ദ്രൻ വധം, ചാലക്കരയിലെ കെ പി വത്സൻ വധശ്രമം, ഈസ്റ്റ് പള്ളൂരിൽ നാല് സിപിഐ എം പ്രവർത്തകരെ വധിക്കാൻ ശ്രമിക്കൽ ഉൾപ്പെടെ മാഹിയിലും നിരവധി അക്രമസംഭവങ്ങളിൽ പങ്കാളികളാണ‌് പലരും. എൺപതുകളിൽ ബീഡിക്കമ്പനികൾ ആക്രമിച്ച് കെ വി ബാലനെ കൊലപ്പെടുത്തിയ സംഘത്തിലും മാഹി ചെമ്പ്രയിലെ ആർഎസ്എസ്സുകാർ ഉൾപ്പെട്ടിരുന്നു. മാഹി ചെമ്പ്ര, ഗ്രാമത്തിൽ പൂശാരികോവിൽ, ഈസ്റ്റ്പള്ളൂർ കാര്യാലയം എന്നിവിടങ്ങളാണ് ആർഎസ്എസ്സിന്റെ മാഹിയിലെ ഒളിയിടങ്ങൾ. മാഹി ചെമ്പ്രയിലെ കാടുപിടിച്ച പറമ്പിലെ ഏറുമാടത്തിലാണ് കൊല നടത്തിയശേഷം അക്രമികളെത്തുന്നത്. പൂശാരികോവിലിൽ ആൾതാമസമില്ലാത്ത വീട് കൈയേറിയാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനം. ആർഎസ്എസ്സുകാർ എന്ത് കുറ്റകൃത്യം ചെയ്താലും സഹായിക്കാൻ മാഹി പൊലീസുമുണ്ടായിരുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top