23 September Sunday

പശ്ചിമ ബംഗാളിലും ത്രിപുരയിലും ജനാധിപത്യ കശാപ്പ‌്; 24ന‌് എൽഡിഎഫ‌് ധർണ

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018
കണ്ണൂർ
പശ്ചിമ ബംഗാളിലും, ത്രിപുരയിലും നടക്കുന്ന ജനാധിപത്യ കശാപ്പിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടി വിജയിപ്പിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സഹകരിക്കുന്ന കക്ഷികളുടെയും ജില്ലാതല യോഗം തീരുമാനിച്ചു. പ്രതിഷേധപരിപാടിയുടെ ഭാഗമായി 24 ന് കണ്ണൂരിൽ സായാഹ്ന ധർണ സംഘടിപ്പിക്കും. 
കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം അതിഭീകരമായ ആക്രമണമാണ് ഇടതുപക്ഷ പ്രവർത്തകർക്ക് നേരെ തൃണമൂൽ കോൺഗ്രസ് നടത്തി വരുന്നത്. അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 35 പ്രവർത്തകരെ തൃണമൂൽ കോൺഗ്രസ് കൊലപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്  നോമിനേഷൻ നൽകുന്നതിന് പോലും ഇതര പാർടിപ്രവർത്തകരെ അനുവദിച്ചിരുന്നില്ല. ത്രിപുരയിൽ ആർഎസ്എസ്സിന്റെ നേതൃത്വത്തിൽ ഭീകരമായ അക്രമണമാണ് അഴിച്ചുവിടുന്നത്. ആദിവാസി നേതാക്കളുൾപ്പെടെ നാലു സിപിഐ എം പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി. 
പാർടിയുടെയും വിവിധം ട്രേഡ് യൂണിയനുകളുടെയും 750 ഓഫീസുകൾ പിടിച്ചെടുക്കുകയും 2600 ലേറെ പാർടി പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും ചെയ്തു. 500 ലേറെ പേർക്ക് വീട് വിട്ട് പോവേണ്ടി വന്ന അവസ്ഥ നിലനിൽക്കുന്നു. സ്ത്രീകളുൾപ്പെടെ 1000 ലേറെ പേർക്ക് ക്രൂരമായ മർദനമേറ്റു. നിരവധി സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു. ഇവർക്കെതിരെ നടപടിയെടുക്കാൻ ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന ഗവൺമെൻറ് തയ്യാറാവുന്നില്ല. ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയരണമെന്നും യോഗം അഭ്യർഥിച്ചു. 
യോഗത്തിൽ ഇ പി ആർ വേശാല അധ്യക്ഷനായി. കൺവീനർ കെ പി സഹദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി കൃഷ്ണൻ, സി വി ശശീന്ദ്രൻ, സി പി സന്തോഷ് കുമാർ, കെ സി ജേക്കബ്, ജോയ് മണ്ണാറുംകുളം, സി കെ നാരായണൻ, കെ മനോജ്, സുഭാഷ് അയ്യോത്ത്, മഹമ്മൂദ് പാറക്കാട്, സി  വത്സൻ, സിറാജ് തയ്യിൽ, സി രവീന്ദ്രൻ, അഡ്വ. എ ജെ ജോസഫ്, സന്തോഷ് മാവില, കെ കെ ജയപ്രകാശ്, രാമചന്ദ്രൻ തില്ലങ്കേരി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top