25 September Tuesday
മന്ത്രിമാർ ദുരിതാശ്വാസ ക്യാമ്പ‌് സന്ദർശിച്ചു

ജനജീവിതം സാധാരണ നിലയിലേക്ക്

സ്വന്തം ലേഖകൻUpdated: Friday Jun 15, 2018

ഇരിട്ടി

ഉരുൾപൊട്ടൽ പരമ്പരയുണ്ടായ മലയോരമേഖല സാധാരണ നിലയിലേക്ക്. വ്യാഴാഴ്ച ഉച്ചയോടെ പേമാരിക്ക് ശമനം. അയ്യങ്കുന്ന് കച്ചേരിക്കടവ് സെന്റ് ജോസഫ്സ് എൽപി സ്കൂളിലും കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പ് തുടരുന്നു. കിളിയന്തറ ക്യാമ്പിൽ 72 പേരുണ്ട്. കച്ചേരിക്കടവിൽ  ആദിവാസികളടക്കം   32 പേരും. തഹസിൽദാർ കെ കെ ദിവാകരന്റെ നേതൃത്വത്തിൽ കിളിയന്തറയിലും ഡെപ്യട്ടി തഹസിൽദാർ എ വി പത്മാവതിയുടെ ചുമതലയിൽ കച്ചേരിക്കടവിലും ക്യാമ്പ് തുടരുന്നു.
 പായം പഞ്ചായത്ത് പ്രസിഡന്റ് എൻ അശോകന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്തല പ്രളയക്കെടുതി അവലോകനം ചെയ്യാൻ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിൽ പ്രത്യേക ഭരണസമിതിയോഗം ചേർന്നു. 16 വരെ കിളിയന്തറ ക്യാമ്പ് തുടരും. തുടർന്ന് വീടുകൾ വാടകയ‌്ക്കെടുത്ത് ക്യാമ്പിലുള്ളവരെ മാറ്റിപാർപ്പിക്കും.
ബാരാപോൾ വൈദ്യുത പദ്ധതി പ്രദേശത്ത് ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടമുണ്ട്. സോളാർ പ്ലാന്റ് പാനലുകൾ തകർന്നിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് നിർത്തിവച്ച വൈദ്യുതി ഉൽപ്പാദനം പുനരാരംഭിച്ചില്ല. 
പാറയ്ക്കാമല ഉരുൾപൊട്ടൽ മേഖലയും സാധാരണനില കൈവരിക്കുകയാണ്. മേഖലയിലെ നഷ്ടക്കണക്ക് തിട്ടപ്പെടുത്താൻ കൃഷിവകുപ്പും തദ്ദേശസ്ഥാപനങ്ങളും ഇതരവകുപ്പുകളും നീക്കമാരംഭിച്ചു. റവന്യൂ വകുപ്പ് ഉൾപ്പെടെ മേഖലയിലെ സർക്കാർ ജീവനക്കാർ ദുരിതാശ്വാസമേഖലയിൽ സമാശ്വാസമെത്തിക്കാൻ സർക്കാർ നിർദേശപ്രകാരമുള്ള പ്രവർത്തനങ്ങളിലാണ്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് മന്ത്രി ഇ ചന്ദ്രശേഖരൻ പുതപ്പുകളും വസ്ത്രങ്ങളും വിതരണം ചെയ്തു.  
ഉരുൾപൊട്ടലിൽ മരിച്ച ശരത്തിന്റെ മൃതദേഹം പേരട്ടയിലെ തറവാട്ടുവളപ്പിലെത്തിച്ച് വ്യാഴാഴ്ച സംസ്കരിച്ചു. വൻജനാവലി അന്തിമാഞ്ജലിയർപ്പിച്ചു. മേഖലയിൽ രണ്ടുകോടി രൂപയുടെ നാശനഷ്ടമുണ്ടായി. 14 വീടുകൾ പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നു. കലക്ടർ മീർ മുഹമ്മദലിയുടെ നേതൃത്വത്തിൽ റവന്യൂ സംഘം നഷ്ടക്കണക്ക് തിട്ടപ്പെടുത്തി. മാക്കൂട്ടംവരെയുള്ള ഉരുൾപൊട്ടൽ മേഖലകളിൽ കലക്ടർ മീർ മുഹമ്മദലി, പി കെ ശ്രീമതി എംപി, സണ്ണിജോസഫ് എംഎൽഎ, ബിനോയ് കുര്യൻ, കെ ശ്രീധരൻ എന്നിവരടക്കമുള്ള വിവിധ പാർടി നേതാക്കൾ സ്ഥലം  സന്ദർശിച്ചു.

 

പ്രധാന വാർത്തകൾ
Top