20 September Thursday

ബോഡി ക്യാമറകളും സിസിടിവി ക്യാമറകളും പ്രവർത്തനം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

കണ്ണൂർ സിറ്റി പൊലീസ്‌ സ്‌റ്റേഷനിലെ സിസി ടി വി സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തപ്പോൾ.

കണ്ണൂർ> കുറ്റകൃത്യങ്ങൾ തടയുന്നതിന‌് ട്രാഫിക‌് ഉദ്യോഗസ്ഥർക്ക‌് ബോഡി ക്യാമറകൾ നൽകുന്ന പദ്ധതിക്ക‌് തുടക്കമായി. കണ്ണൂർ സിറ്റി പൊലീസ‌് സ‌്റ്റേഷൻ പരിധിയിൽ സിസിടിവി ക്യാമറകൾ, മൊബൈൽ പട്രോളിങ് വാഹനങ്ങളിലെ സിസിടിവി ക്യാമറ എന്നിവയുടെ പ്രവർത്തനോദ‌്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 
ഗതാഗത നിയമങ്ങൾ പാലിക്കാതെ റോഡിൽ വാഹനങ്ങളുമായി ഇറങ്ങുന്നവരെ പിടികൂടാനാണ‌് ബോഡി ക്യാമറകൾ. ജില്ലയിലേക്ക‌് 25ക്യാമറകളാണ‌് എത്തിയത‌്. 
തോളിലോ ബെൽറ്റിലോ ഘടിപ്പിക്കാവുന്ന വിധത്തിലാണ‌് നിർമാണം. ഗാതഗത നിയന്ത്രണം, തർക്കങ്ങൾ, മറ്റ‌് പ്രശ‌്നങ്ങൾ എന്നിവ തത്സമയം റെക്കോർഡ‌് ചെയ്യാനും അത‌് മേലുദ്യോഗസ്ഥർക്ക‌് കൈമാറാനും ബോഡി ക്യാമറയിൽ സംവിധാനമുണ്ട‌്.  പുഷ‌് ടു ടോക്ക‌് സംവിധാനം വഴി സംഭവസ്ഥലത്തെ വിവരങ്ങളും ദൃശ്യങ്ങളും ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക‌്  കൈമാറാം. ഫോർജി സിം വഴിയാണ‌് സന്ദേശങ്ങളും ദൃശ്യങ്ങളും കൈമാറുന്നത‌്.  ദൃശ്യങ്ങൾ കൺട്രോൾ റൂമിലെ സർവറിൽ സൂക്ഷിച്ച‌് പിന്നീട‌് പരിശോധിക്കാനും കഴിയും. ടച്ച‌് സ‌്ക്രീൻ, മോണിറ്റർ, നൈറ്റ‌് വിഷൻ എന്നിവയും ക്യാമറയിലുണ്ട‌്.
ജില്ലയിലെ  29 മൊബൈൽ പട്രോളിങ‌് വാഹനങ്ങളിൽ നാലുവീതം ക്യാമറകളാണ‌് ഘടിപ്പിച്ചത‌്. ഇതോടൊപ്പം കണ്ണൂർ സിറ്റി പൊലീസ‌് സ‌്റ്റേഷൻ പരിധിയിൽ പൊലീസ‌്﹣ പൊതുജന സഹകരണത്തോടെ നാൽപതോളം സിസിടിവി ക്യാമറകളാണ‌് സ്ഥാപിച്ചത‌്. എസ‌്പി ജി ശിവവിക്രം അധ്യക്ഷനായി. കെ കെ രാഗേഷ‌് എംപി,  ഉത്തരമേഖല ഡിഐജി രാജേഷ‌് ദിവാൻ, കണ്ണൂർ റേഞ്ച‌് ഐജി ബൽറാം കുമാർ ഉപാധ്യായ, കൗൺസിലർ ടി ആശ, കേരള പൊലീസ‌് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ രാജേഷ‌്, സിസിടിവി ഇൻസ‌്റ്റലേഷൻ കമ്മിറ്റി ചെയർമാൻ യു പുഷ‌്പരാജ‌്, ഫിഷ‌്മർച്ചന്റ‌്സ‌് അസോസിയേഷൻ പ്രസിഡന്റ‌് മുഹമ്മദ‌്കുഞ്ഞി, കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ‌്മ ചെയർമാൻ സിയാൽ വീട്ടിൽ ഫസൽ എന്നിവർ സംസാരിച്ചു. ഡിവൈഎസ‌്പി പി പി സദാനന്ദൻ സ്വാഗതവും കെ വി പ്രമോദൻ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
Top