20 September Thursday

കണ്ണൂർ പഴയങ്ങാടി പയ്യന്നൂർ റൂട്ടിൽ കെഎസ്‌ആർടിസി ചെയിൻ സർവീസ‌്

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

കണ്ണൂർ പഴയങ്ങാടി‐പയ്യന്നൂർ റൂട്ടിൽ കെഎസ‌്ആർടിസി ചെയിൻ സർവീസ്‌ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ഫ്‌ളാഗ്‌ഓഫ്‌ ചെയ്യുന്നു.

കണ്ണൂർ>  കണ്ണൂർ പഴയങ്ങാടി‐പയ്യന്നൂർ റൂട്ടിൽ കെഎസ‌്ആർടിസി ചെയിൻ സർവീസിനു തുടക്കമായി. കണ്ണൂർ കെഎസ‌്ആർടിസി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ഉദ‌്ഘാടനം നിർവഹിച്ചു. കെഎസ‌്ആർടിസിയുടെ അഭിമാന സർവീസായി ഇതു മാറുമെന്ന‌് മന്ത്രി പറഞ്ഞു.
കണ്ണൂർ ഡിപ്പോയിൽനിന്ന‌് ആറും പയ്യന്നൂർ ഡിപ്പോയിൽനിന്ന‌് അഞ്ചുമായി പതിനൊന്നു ബസ്സാണ‌് ദിവസവും സർവീസ‌് നടത്തുക. കണ്ണൂരിൽനിന്ന‌് പയ്യന്നൂരിലേക്കും തിരിച്ചും പതിനഞ്ചു മിനിട്ട‌് ഇടവിട്ട‌്  ബസ്സുണ്ടാകും. തളിപ്പറമ്പ‌് വഴി പോകുന്നതിനേക്കാൾ അഞ്ചു കിലോമീറ്ററിന്റെയും ബസ‌് നിരക്കിൽ മൂന്നു രൂപയുടെയും കുറവു വരും. 
ജില്ലയിൽ ഏറ്റവും തിരക്കേറിയ  റൂട്ടാണ‌് കണ്ണൂർ‐പഴയങ്ങാടി‐പയ്യന്നൂർ. 1976ൽ പഴയങ്ങാടി പാലം നിർമിച്ചതുമുതൽ ഈ റൂട്ട‌് ദേശസാൽക്കരിക്കാൻ നടപടി സ്വീകരിച്ചിരുന്നു. വിജ്ഞാപനമിറങ്ങിയില്ലെങ്കിലും തുടർന്ന‌് കെഎസ‌്ആർടിസി ബസ്സുകൾ മാത്രമാണ‌് സർവീസ‌് നടത്തിയിരുന്നത‌്. ഇടക്കാലത്ത‌് കെഎസ‌്ആർടിസി ചെയിൻ സർവീസും ആരംഭിച്ചു.   പിന്നീട‌് ബസ്സുകളുടെ എണ്ണം കുറഞ്ഞുവന്നു. പാപ്പിനിശേരി‐പിലാത്തറ റോഡ‌് കെഎസ‌്ടിപി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം ആരംഭിച്ചതോടെ പൂർണമായും നിലച്ചു. പിന്നീടിങ്ങോട്ട‌് സ്വകാര്യ ബസ്സുകളുടെ കൊയ‌്ത്താണ‌്. ടി വി രാജേഷ‌് എംഎൽഎയുടെ നിരന്തര ശ്രമഫലമായാണ‌് ചെയിൻ സർവീസ‌് പുനഃസ്ഥാപിക്കാനായത‌്. 
എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതുമുതൽ ചെയിൻ സർവീസ‌് പുനഃസ്ഥാപിക്കുന്നതിനായി എംഎൽഎയും മറ്റും സമ്മർദം ചെലുത്തിവരികയായിരുന്നു. കെഎസ‌്ടിപി റോഡ‌് നിർമാണം  പൂർത്തിയാകാത്തതാണ‌് പ്രതിബന്ധമായത‌്. റോഡ‌് പൂർത്തിയാകുന്ന മുറയ‌്ക്ക‌് ചെയിൻ സർവീസ‌് ആരം ഭിക്കുമെന്ന‌് മന്ത്രി നിയമസഭയിൽ ഉറപ്പുനൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡിന്റെ താവം മേൽപ്പാലം ഭാഗമാണ‌് ഇനി ബാക്കിയുള്ളത‌്. മെയ‌് 31നകം ഇതുകൂടി പൂർത്തിയാക്കുമെന്ന‌് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട‌്. ഉത്തരമലബാറിലെ ജനങ്ങൾക്ക‌് എൽഡിഎഫ‌് സർക്കാരിന്റെ വിഷുക്കൈനീട്ടമാണ‌് ഈ സർവീസെന്ന‌് ചടങ്ങിൽ അധ്യക്ഷനായിരുന്ന ടി വി രാജേഷ‌് പറഞ്ഞു. കെഎസ‌്ആർടിസി ബോർഡ‌് മെമ്പർമാരായ ടി കെ രാജൻ, സി എൻ ശിവരാമൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌്  കെ വി സുമേഷ‌്, കോർപറേഷൻ കൗൺസിലർ ഇ ബീന,  വിവിധ കക്ഷിനേതാക്കളായ കെ പി സുധാകരൻ, വി വി പുരുഷോത്തമൻ, സി പി സന്തോഷ‌് കുമാർ, കെ രാധാകൃഷ‌്ണൻ, സി സമീർ,  യു ബാബു ഗോപിനാഥ‌്, കെ കെ രാജൻ, പി പി ദിവാകരൻ, യൂണിയൻ പ്രതിനിധികളായ ടി പി സജിത്ത‌് സദാനന്ദൻ, ബിജു ജോൺ എന്നിവർ സംസാരിച്ചു. കെഎസ‌്ആർടിസി കോഴിക്കോട‌് സോണൽ ഓഫീസർ ജോഷി ജോൺ സ്വാഗതവും കണ്ണൂർ ഡിടിഒ കെ പ്രദീപ‌് നന്ദിയും പറഞ്ഞു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top