18 November Sunday

ഒന്നല്ല ഒരായിരം കരങ്ങൾ; വർഗീയത തുലയട്ടെ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

ഡിവൈഎഫ്ഐ സംഘടിപ്പിച്ച വർഗീയതക്കെതിരെ ചുമരെഴുത്ത് സമരം കണ്ണൂരിൽ ചിത്രകാരൻ എബി എൻ ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു.

കണ്ണൂർ
എഴുതാൻ തന്നെയാണ് തീരുമാനം. കൊന്നുതീർക്കാൻ ഒരുങ്ങുന്നവർക്കുള്ള താക്കീതായി ഒരായിരം കരങ്ങൾ എഴുതിവച്ചു. വർഗീയത തുലയട്ടെ. വർഗീയതക്കെതിരായ മനസുകൾ ചുമരുകളിലേക്ക് പടർന്നിറങ്ങുകയായിരുന്നു വ്യാഴാഴ്ചത്തെ സായാഹ്നത്തിൽ. ഡിവൈഎഫ്ഐ നേതൃത്വത്തിലാണ് വർഗീയതക്കെതിരെ ചുമരെഴുത്ത് സമരം സംഘടിപ്പിച്ചത്. 
അഭിമന്യുവിനെ കൊന്നവരുയർത്തുന്ന വിദ്വേഷത്തിന്റെ വിത്തുകൾ ഇവിടെ കിളിർപ്പിക്കില്ലെന്ന പ്രഖ്യാപനംകൂടിയായായിരുന്നു യുവജനങ്ങളുടെ ചുമരെഴുത്തുകൾ. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഒരേ മനസോടെ നാനാദിക്കിലും ചുമരുകളിലെഴുതിവച്ച വരികൾ ഇനിയുള്ള ദിവസങ്ങളിൽ വിളിച്ചുപറയും.  ഈ മണ്ണിൽ ഇനി മതവർഗീയതയുടെ കഴുകൻ കരങ്ങൾ മതനിരപേക്ഷതയെ വെല്ലുവിളിക്കില്ലെന്ന്. മതവർഗീയതയുടെ കൊലക്കത്തിക്ക് ഇനിയൊരു ജീവനും വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞയുമായാണ് ചുമരെഴുത്തുസമരങ്ങൾ  അവസാനിച്ചത്. 
കണ്ണൂരിൽ ജില്ലാതല ഉദ്ഘാടനം ചിത്രകാരൻ എബി എൻ ജോസഫ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എം ഷാജർ അധ്യക്ഷനായി. സെക്രട്ടറി വി കെ സനോജ് സ്വാഗതം പറഞ്ഞു. കെ വി സുമേഷ്,  സരിൻ ശശി, മനു തോമസ്, കെ പി ജയപാലൻ,  എം ശ്രീരാമൻ എന്നിവർ സംസാരിച്ചു. എ വി രഞ്ജിത്ത് കവിത അവതരിപ്പിച്ചു. ചിത്രകാരൻ അനൂപ് ഷൈൻസ് ചിത്രം വരച്ചു.
 

 

പ്രധാന വാർത്തകൾ
Top