Top
23
Friday, February 2018
About UsE-Paper

താവക്കരയിലെ കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് നാടൻരുചി വിളമ്പാൻ കഫേശ്രീ

Tuesday Feb 13, 2018
സ്വന്തം ലേഖിക
കണ്ണൂർ > താവക്കരയിലെ കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് നാടൻരുചി വിളമ്പാൻ കഫേശ്രീ. കണ്ണൂർ നഗരത്തിൽ കഫേശ്രീയുടെ രണ്ടാമത്തെ യൂണിറ്റാണ് തിങ്കളാഴ്ച രാവിലെ ക്യാമ്പസിൽ പ്രവർത്തനമാരംഭിച്ചത്. ആദ്യഘട്ടത്തിൽ അഞ്ച് പേരടങ്ങുന്ന  ഗ്രൂപ്പായാണ് കുടുംബശ്രീ ജില്ലാ മിഷൻ ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്. മായം കലരാതെ നാടൻ വിഭവങ്ങൾ തീൻമേശയിലെത്തിക്കുകയെന്ന കഫേശ്രീയുടെ മുദ്രാവാക്യം പ്രവർത്തികമാക്കുകയാണ് ഈ സംരംഭത്തിന്റെയും ലക്ഷ്യം.
രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെയാണ് ക്യാന്റീനിന്റെ പ്രവർത്തനസമയം. സർവകലാശാല മാനദണ്ഡം അനുസരിച്ചുള്ള വിലയാണ് ഈടാക്കുക. വിവിധതരം പലഹാരം മുതൽ ബിരിയാണിവരെ ഇവിടെ ലഭിക്കും. ഊണിന് 28 രൂപയാണ്. ഒരു ലക്ഷം രൂപയാണ് ജില്ലാമിഷൻ ആദ്യഘട്ടത്തിൽ അനുവദിച്ചത്. ജില്ലയിൽ ഹോട്ടൽ കാറ്ററിങ് മേഖലയിൽ ഇതിനകം മുപ്പതിലധികം സംരംഭങ്ങൾ കുടുംബശ്രീക്കുണ്ട്. ഈ മാസം കുടുംബശ്രീ തുടങ്ങുന്ന രണ്ടാമത്തെ ഭക്ഷണശാലയാണിത്.   
  പ്രത്യേക പരിശീലനം നേടിയ വനിതകളുടെ കൈപ്പുണ്യമാണ് കഫേശ്രീകളെ മറ്റ് ഭക്ഷണശാലകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. നിറത്തിനും മണത്തിനും രുചിക്കുമായി ചേർക്കുന്ന കൃത്രിമ പദാർഥങ്ങളെ മുഴുവനായും പുറത്തുനിർത്തിയാണ് കഫേശ്രീയുടെ അടുക്കളകൾ പ്രവർത്തിക്കുന്നത്.  
കറിപൗഡറുകളും പച്ചക്കറികളും കുടുംബശ്രീ സംരംഭങ്ങളിൽനിന്നാണ് വാങ്ങുക.  പരിശീലനം പൂർത്തിയാക്കിയ പത്തുപേർകൂടി ആദ്യഘട്ടത്തിൽ ക്യാന്റീനിൽ പ്രവർത്തിക്കും. 60 പേരടങ്ങുന്ന പുതിയ ബാച്ചുകൂടി പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. 
കണ്ണൂർ സർവകലാശാല പ്രൊ വൈസ്ചാൻസലർ ഡോ. ടി അശോകൻ ഉദ്ഘാടനം ചെയ്തു. ഡവലപ്മെന്റ് ഓഫീസർ ഡോ. ജെയിംസ് പോൾ, അസിസ്റ്റന്റ് രജിസ്ട്രാർ കെ വി മധുസൂദനൻ,  കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഡോ. എം സുർജിത്ത്, ഡോ. എസ് ഗ്രിഗറി, അഡ്വ. ലിഷ ദീപക് എന്നിവർ പങ്കെടുത്തു.