13 November Tuesday

ജനരോഷമായി ഹർത്താൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

ഹർത്താൽ ദിനത്തിൽ പാട്യം കൊട്ടയോടിയിൽ നടന്ന എൽഡിഎഫ്‌ പ്രകടനം

കണ്ണൂർ
പെട്രോൾ ഉൽപന്നങ്ങൾക്ക് ദിനംപ്രതി വില വർധിപ്പിച്ച‌് ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന ബിജെപി സർക്കാരിനെതിരെയുള്ള കത്തുന്ന ജനരോഷമായി ഹർത്താൽ മാറി. ജില്ലയിൽ ജനജീവിതം പൂർണമായും സ്തംഭിച്ചു. ഗ്രാമ ﹣ നഗരഭേദമന്യേ പ്രതിഷേധ സമരത്തിൽ പങ്കാളിയായി. കെഎസ്ആർടിസി ‐ സ്വകാര്യ ബസ്സുകളടക്കമുള്ള പൊതുസർവീസുകളൊന്നും ഓടിയില്ല.  കടകമ്പോളങ്ങളും പ്രധാന ഹൈവേകളും വിജനമായിരുന്നു. നാഷണൽ പെർമിറ്റ് ലോറികൾ പോലും ഓടിയില്ല. ട്രെയിനുകളിൽ യാത്രക്കാർ കുറവായിരുന്നു.  ഹർത്താലിന് പിന്തുണയുമായി പ്രധാന കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടന്നു. വിവിധ സംഘടനകൾ ഹർത്താലിന് ഐക്യദാർഢ്യവുമായി രംഗത്തിറങ്ങി. ജീവിതം വഴിമുട്ടിക്കുന്ന ബിജെപി സർക്കാരിനെതിരെയുള്ള സമരത്തിൽ  ആരും നിർബന്ധിക്കാതെ തന്നെ ജനങ്ങൾ സ്വയം  പങ്കാളികളാവുകയായിരുന്നു. സ്വകാര്യവാഹനങ്ങൾ പോലും റോഡിലിറക്കിയില്ല. മരണം, ആശുപത്രി, മുൻകൂട്ടി നിശ്ചയിച്ച വിവാഹം, വിദേശയാത്ര തുടങ്ങിയ അത്യാവശ്യകാര്യങ്ങൾക്ക‌് മാത്രമാണ് യാത്ര ചെയ്തത്. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. തൊഴിൽ സ്ഥാപനങ്ങളും കമ്പനികളും  തുറന്നില്ല.  ബാങ്കുകളും സർക്കാർ ഓഫീസുകളും പ്രവർത്തിച്ചില്ല.     
 എൽഡിഎഫ് നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ നടന്ന യോഗം ജില്ലാ കൺവീനർ കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്കുമാർ അധ്യക്ഷനായി. സി പി സന്തോഷ്, പി പി ദിവാകരൻ, വൽസൻ ചള്ളക്കര എന്നിവർ സംസാരിച്ചു. പണിമുടക്കിയ തൊഴിലാളികളും എൽഡിഎഫ് പ്രവർത്തകരും സ്റ്റേഡിയം കോർണറിൽനിന്ന് നഗരംവലംവച്ച‌് പ്രകടനം നടത്തി. പെട്രോൾ വില വർധനയുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്ന മോഡി സർക്കാരിനെ പഴയ ബസ്സ്റ്റാൻഡിൽ തെരുവ് നാടകത്തിലൂടെ കല്ല്യാശേരി ചൂട്ട് തിയറ്ററിലെ കലാകാരന്മാർ വിചാരണ ചെയ്തു.     
സ്വതന്ത്ര ലോറി ഓണേഴ്സ് ആൻഡ് തൊഴിലാളി അസോസിയേഷൻ ഹർത്താലിന് ഐക്യദാർഢ്യവുമായി കണ്ണൂർ നഗരത്തിലുടെ ലോറി കെട്ടിവലിച്ചു. നഗരത്തിലെ പ്രധാന ജങ‌്ഷനായ കാൾടെക്സ‌് ദേശിയപാതയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ  ടയർ ഉരുട്ടൽ  മത്സരം നടത്തി. യുഡിഎഫ് നേതൃത്വത്തിലും കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, ഐൻടിയുസി നേതാവ് കെ സുരേന്ദ്രൻ, സി എ അജീർ എന്നിവർ നേതൃത്വം നൽകി.
 
 
പ്രധാന വാർത്തകൾ
Top