19 January Saturday

ആക്രമണങ്ങൾക്ക‌് പിന്നിൽ ശബരിമല സമരം പൊളിഞ്ഞതിലെ ജാള്യം: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Jan 6, 2019
തലശേരി
വിശ്വാസത്തിന്റെ പേരുപറഞ്ഞ‌് ജനങ്ങളെ അണിനിരത്താൻ കഴിയാത്തതുകൊണ്ടാണ‌്  ആർഎസ‌്എസ്സും ബിജെപിയും  ക്രിമിനലുകളെ ഉപയോഗിച്ച‌് വ്യാപക അക്രമം സംഘടിപ്പിക്കുന്നതെന്ന‌് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ സിപിഐ എമ്മിനെയും എൽഡിഎഫിനെയും സംസ്ഥാന ഗവൺമെന്റിനെയും അസ്ഥിരീകരിക്കാനുള്ള ബോധപൂർവമായ ഈ ശ്രമം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട‌്. അതുകൊണ്ടാണ‌് ആർഎസ‌്എസ്സിന്റെയും ബിജെപിയുടെയും സമരങ്ങളിൽ ജനങ്ങൾ അണിനിരക്കാൻ തയ്യാറാകാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലശേരിയിൽ ആർഎസ‌്എസ‌് ആക്രമണം നടത്തിയ സിപിഐ എം നേതാക്കളുടെ വീടുകൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
  സംഘപരിവാരത്തിന്റെ വിജയമല്ല കാണാൻ കഴിയുന്നത‌്. അവരുടെ സമരങ്ങളെല്ലാം പൊളിഞ്ഞു. ഇനിയും പൊളിയാൻ പോവുകയാണ‌്. പരാജയത്തിന്റെ പടുകുഴിയിൽ കൃത്യമായി അടയാളപ്പെടുത്തുന്നതാണ‌് ശബരിമല സമരം. 
വീടുകൾക്കും നേതാക്കൾക്കും നേരെയുള്ള കടന്നാക്രമണങ്ങൾ ഗൗരവമായി കാണുന്നു. ഷംസീറിനെപ്പോലെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ ഒരാളുടെ വീടിനുനേരെയുണ്ടായ ബോംബാക്രമണം ഒരു സൂചനയാണ‌്.  ഞങ്ങൾ ആരെയും വിടാൻ പോകുന്നില്ലെന്ന സൂചന.
   കൊലപാതകം നടത്താൻവരെ പരിശീലനം ലഭിച്ച ക്രിമിനലുകളെ ഉപയോഗിച്ച‌് അവിടെയും ഇവിടെയുമെല്ലാം അക്രമസംഭവങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ‌്. ഇത്തരം സംഭവങ്ങൾക്കൊന്നും കീഴടങ്ങാൻ കേരളത്തിലെ ജനങ്ങൾ തയ്യാറല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ആർഎസ‌്എസ്സുകാർ കണ്ണുരുട്ടി പേടിപ്പിച്ചാൽ കീഴടങ്ങുന്ന അനുഭവമുണ്ടാകാം. എന്നാൽ കേരളത്തിൽ എഴുപതുകൾമുതൽ ഇവർ സംഘടിത ആക്രമണങ്ങൾ നടത്തിയിട്ടും ജനങ്ങൾ കീഴടങ്ങിയിട്ടില്ല. ഇനിയും കീഴടങ്ങാൻ പോകുന്നില്ല. 
  തങ്ങൾ ആഗ്രഹിക്കുന്നതുപോലെ കേരളത്തെ മാറ്റിയെടുക്കാമെന്ന സംഘപരിവാരത്തിന്റെ  മോഹം നടക്കിെല്ല . ഇതിനെയൊക്കെ പ്രതിരോധിക്കാൻ പോന്ന ഒരു ജനകീയസംവിധാനം കേരളത്തിലുണ്ട‌്. മതനിരപേക്ഷ മനസ്സുള്ള  കേരള ജനത ഇത്തരത്തിലുള്ള എല്ലാ കടന്നാക്രമണങ്ങൾക്കെതിരെയും  ജനകീയ മുന്നേറ്റം സൃഷ്ടിക്കും –- എം വി ഗോവിന്ദൻ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top