25 September Tuesday

മുഴുവൻ സർക്കാർ ഡോക്ടർമാരും ഒരു മാസത്തെ ശമ്പളം നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
കണ്ണൂർ
നവകേരളം പണിയാൻ ഒരു മാസത്തെ വരുമാനം നൽകുകയെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥനക്ക് ജില്ലയിൽ മികച്ച പ്രതികരണം. ജില്ലയിലെ മുഴുവൻ സർക്കാർ ഡോക്ടർമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ സമ്മതപത്രം നൽകി. സർക്കാർ മേഖലയിൽ 430ലേറെ ഡോക്ടർമാരാണ് ജില്ലയിലുള്ളത്. ഇവരെല്ലാം ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകാൻ തീരുമാനിച്ചതായി ഇതുസംബന്ധിച്ച്  കലക്ടർ മീർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചു. 
  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെയും ഓഡിറ്റ് വിഭാഗത്തിലെയും മുഴുവൻ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. ആകെ 68 പേരാണ് ഈ ഓഫീസുകളിൽ ഉള്ളത്. ജില്ലാ ഇൻഫർമേഷൻ ഓഫീസിലെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെയും മുഴുവൻ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും.  ഇവർ ആദ്യ ഗഡു ആഗസ‌്ത‌് മാസത്തെ ശമ്പളത്തോടൊപ്പം നൽകി.
ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന നൽകുന്നതിനുളള്ള സമ്മതപത്രം കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജനെ ഏൽപ്പിച്ചിരുന്നു. ജില്ലയിലെ ഒമ്പത് ഗ്രാമ പഞ്ചായത്തുകളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്നുണ്ട്. പെരിങ്ങോം‐വയക്കര, മുഴക്കുന്ന്, മുണ്ടേരി, എരുവേശി, കാങ്കോൽ‐ആലപ്പടമ്പ്, അഴീക്കോട്, കണ്ണപുരം, കരിവെള്ളൂർ‐പെരളം, കുഞ്ഞിമംഗലം എന്നിവയാണ് ഈ പഞ്ചായത്തുകൾ. 
ധനസമാഹരണ പ്രവർത്തനങ്ങളുടെ സെക്രട്ടറിതല ചുമതലയുള്ള പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാനും യോഗത്തിൽ സംബന്ധിച്ചു.  
ഇതോടൊപ്പം പൊതുജനങ്ങളിൽനിന്നും സംഘടനകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തണമെന്നാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്. ഇൗ പ്രവർത്തനങ്ങൾക്ക് വ്യവസായ മന്ത്രി ഇ പി ജയരാജൻ, ആരോഗ്യ  മന്ത്രി കെ കെ ശൈലജ എന്നിവർക്കാണ് ജില്ലയുടെ ചുമതല.   ജില്ലയിൽ കലക്ടറുടെ നേതൃത്വത്തിൽ ‘എന്റെ ഒരു മാസം കേരളത്തിന്’ എന്ന പേരിൽ ഒരു മാസത്തെ ശമ്പളം കേരളത്തെ പ്രളയക്കെടുതിയിൽനിന്ന് കരകയറ്റാനായി സംഭാവന നൽകാനുള്ള ക്യാമ്പയിൻ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉദ്യോഗസ്ഥർ ആഗസ്ത് മാസത്തെ ശമ്പളം പൂർണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ നൽകി.
പ്രധാന വാർത്തകൾ
Top