Top
23
Tuesday, January 2018
About UsE-Paper

ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് മലയോരത്ത് തീവില

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌
ഇരിട്ടി > ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് മലയോരത്ത് വന്‍ വിലവര്‍ധന. ഒരടിക്ക് പത്ത് രൂപവരെ പല ഉല്‍പന്നങ്ങള്‍ക്കും കൂടി. കരിങ്കല്‍പൊടി, വിവിധയിനം മെറ്റലുകള്‍, എം സാന്‍ഡ്, പി സാന്‍ഡ് എന്നിവയ്ക്കാണിത്. ലൈഫ് ഭവന പദ്ധതിയിലടക്കം നിര്‍ധന കുടുംബങ്ങള്‍ വീട് നിര്‍മാണമാരംഭിച്ച ഘട്ടത്തിലാണ് ക്രഷറുടമകള്‍ ഉല്‍പന്നങ്ങള്‍ക്ക് വില കുത്തനെ വര്‍ധിപ്പിച്ചത്. മാര്‍ച്ചിന് മുമ്പ് പൂര്‍ത്തീകരിക്കേണ്ട വിവിധ സര്‍ക്കാര്‍ മരാമത്ത് പ്രവൃത്തികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെയും വിലവര്‍ധന ബാധിക്കും. 
മെറ്റല്‍ വില അടിക്ക് 36.75 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. എം സാന്‍ഡിന് 60.40, പി സാന്‍ഡ് 69.90, കരിങ്കല്‍ പൊടി 36.75, ചിപ്സ് (6മി.മീ,12മി. മീ) 36.75 രൂപയായി ഉയര്‍ത്തി. 200 അടി ടിപ്പര്‍ ലോഡില്‍ ഈ ഉല്‍പന്നങ്ങള്‍ വാങ്ങുമ്പാള്‍ നിലവിലെ വിലയിലും 2000- 2500 രൂപയോളം ഉപഭോക്താവ് നല്‍കണം. ഉല്‍പന്ന വില കയറ്റുന്നമുറക്ക് ടിപ്പര്‍ വാടകയും ഇതര ചെലവുകളും ക്രമാതീതമായി ഉയരും.
ജൂലൈയില്‍ വന്‍ വിലവര്‍ധന വരുത്തിയതിന് പിന്നാലെയാണ് പുതിയ വിലക്കയറ്റം. പാരിസ്ഥിതിക പ്രശ്നങ്ങള്‍, ലൈസന്‍സ് റദ്ദാക്കല്‍, സ്ഫോടനവുമായി ബന്ധപ്പെട്ട പരാതികള്‍, കേന്ദ്രസര്‍ക്കാര്‍ നയം, പരിസ്ഥിതി സംഘടനാ പ്രതിഷേധം, കോടതി ഇടപെടലുകള്‍ തുടങ്ങി നാനാതരം പ്രതിസന്ധികള്‍ ക്വാറികളും ക്രഷറുകളും ക്രഷര്‍ ഉല്‍പന്ന-നിര്‍മാണ- വിപണന മേഖലകള്‍ നേരിടുന്നുണ്ട്. ഇടയ്ക്കിടെ ഉല്‍പാദനം നിര്‍ത്തി വയ്ക്കേണ്ട സ്ഥിതിയുണ്ട്. ഇതിന്റെയെല്ലാം പിഴ ഉപഭോക്താക്കള്‍ക്ക് മേല്‍ ചുമത്തുകയാണ് വന്‍കിട ക്രഷര്‍ കമ്പനികള്‍. വര്‍ഷത്തില്‍ രണ്ടും മൂന്നും തവണയാണ് ക്രഷര്‍ ഉല്‍പന്ന വില കൂട്ടുന്നത്. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മില്ലര്‍ ലോറികളില്‍ കോണ്‍ക്രീറ്റ് മിശ്രിതം നിര്‍മാണസ്ഥലത്തെത്തിച്ച് കോണ്‍ക്രീറ്റിങ് തല്‍സമയം നടത്തുന്ന വന്‍കിടക്കാരും ഇരിട്ടി മേഖലയിലുണ്ട്. ക്രഷര്‍ ഉല്‍പന്നങ്ങളുടെ അന്യായ വിലവര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ ഇരിട്ടി ബ്ളോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജൂലൈ ഒന്നിന്റെ വിലവര്‍ധന ജിഎസ്ടി ന്യായം ഉയര്‍ത്തിയാണ് ഉടമകള്‍ നടപ്പാക്കിയത്. ഒരു ലോഡ് ഉല്‍പന്നത്തിന് 2500 രൂപവരെ അധികം നല്‍കേണ്ട അവസ്ഥ പ്രതിഷേധാര്‍ഹമാണ്.