21 September Friday

ജീവിത ട്രാക്കില്‍ പൊരുതി നേടിയത‌് ‘വിസ്മയ' നേട്ടം

ജ്യോതിഷ് ബാലകൃഷ്ണന്‍Updated: Saturday Sep 1, 2018

വിസ്മയ

ശ്രീകണ്ഠപുരം
ജീവിത ട്രാക്കിലെ യാതനകളെ മറികടന്ന‌് വിസ്മയ ഓടിയെടുത്തത് സുവർണ നേട്ടം .ഏഷ്യൻ ഗെയിംസിലെ 4ഃ400 മീറ്റർ റിലേയിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ച ടീമിൽ ശ്രീകണ്ഠപുരം ഏരുവേശി വെള്ളുവക്കോറോത്ത് സ്വദേശി വിസ്മയയും അംഗമായിരുന്നു. വെള്ളുവക്കോറോത്ത് സുജാതയുടെയും വിനോദിന്റെയും രണ്ട് മക്കളിൽ മൂത്തവളാണ് വിസ്മയ. താൻ ഓടിയെടുത്ത ട്രോഫികൾ അടുക്കിവയ‌്ക്കാൻ സ്വന്തമായൊരു വീടുപോലും വിസ്മയക്കും കുടുംബത്തിനുമില്ല.  ഇരു മക്കളുടെയും വിദ്യാഭ്യാസത്തിനായി ചെങ്ങന്നൂരിലെ വാടക വീട്ടിലാണ് വിസ്മയയുടെ കുടുംബം കഴിയുന്നത്. കാവുമ്പായി ഗവ. എൽപി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് നെടുങ്ങോം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. വിസ്മയയിൽ ഒരു കൊച്ചു ഓട്ടക്കാരിയുണ്ടെന്ന‌് കണ്ടെത്തിയത് കോതമംഗലം സെന്റ് ജോർജ‌് സ്‌കൂളിലെ കായികാധ്യാപകൻ രാജു പോൾ  ആയിരുന്നു. 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിൽ മത്സരിച്ച് വിജയം കൊയ്തു. സ്‌കൂൾ മീറ്റുകളിൽ അധികം പങ്കെടുക്കാത്ത വിസ്മയ 
 ദേശീയ മത്സരങ്ങളിലാണ് പരിശീലകൻ വിനയചന്ദ്രന്റെ സഹായത്തോടെ മികച്ച പ്രകടനം കാഴ്ചവച്ചത്. കായിക രംഗത്തേക്ക് കടന്നു വരുന്നതുതന്നെ അനിയത്തി വിജിഷയിലൂടെയായിരുന്നു. ചേച്ചിയെപ്പോലെ വിജിഷയും മികച്ച ഓട്ടക്കാരിയാണ്. ട്രാക്ക് ഇനങ്ങളിൽനിന്ന് മാറിയ വിജിഷ ഇപ്പോൾ മികച്ച നീന്തൽ താരമാണ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. ഇപ്പോൾ ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ എംഎസ്ഡബ്ല്യു രണ്ടാം വർഷ വിദ്യാർഥിനിയാണ് വിസ്മയ. 
പ്രധാന വാർത്തകൾ
Top