22 September Saturday

പെരുമണ്ണ‌് അപകടം; വിചാരണ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
തലശേരി
സ്‌കൂൾ വിട്ട് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഇരിക്കൂർ പെരുമണ്ണിൽ വാഹനമിടിച്ച് പത്ത്  പിഞ്ചു വിദ്യാർഥികൾ മരിക്കുകയും 11 കുട്ടികൾക്ക് പരിക്കേൽക്കുകയുംചെയ്ത കേസിന്റെ വിചാരണ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ‌്ജി പി എൻ വിനോദ് മുമ്പാകെ ആരംഭിച്ചു. സാക്ഷികളായ ആർ  മധു, പി സി സജേഷ്, സി വി രാമകൃഷ്ണൻ, കോക്കാടൻ മൃദുല എന്നിവരെ വിസ്തരിച്ചു.
വാഹനം ഓടിച്ച മലപ്പുറം കോട്ടൂർ മണപ്പാട്ടിൽ ഹൗസിൽ അബ്ദുൽ കബീറാ (46) ണ്  കേസിലെ പ്രതി. മനഃപൂർവമല്ലാത്ത നരഹത്യയാണ് ഇയാൾക്കെതിരെ ചുമത്തിയത്. കുട്ടികളെ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നിട്ടും  പ്രതി അതിനു ശ്രമിച്ചില്ലെന്ന് സാക്ഷികൾ മൊഴി നൽകി. പിൻഭാഗത്തെ ഒരു കുട്ടിയെ ഇടിച്ചശേഷം വാഹനം വെട്ടിച്ചിരുന്നെങ്കിൽ മറ്റു കുട്ടികളെ രക്ഷിക്കാനാകുമായിരുന്നുവെന്നും അതിന് ശ്രമിച്ചില്ലെന്നും സാക്ഷികൾ ബോധിപ്പിച്ചു. ആകെ 72 സാക്ഷികളാണുള്ളത്. 2008 ഡിസംബർ നാലിന് വൈകിട്ട് 4.15നായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
ക്ലാസ് വിട്ടശേഷം റോഡരികിലൂടെ വരിയായി വീട്ടിലേക്ക് നടന്നുപോയ കുട്ടികളെ പിറകുവശത്തുനിന്ന‌് വന്ന ടെമ്പോ ട്രാക്‌സ് ക്രൂയിസർ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. പിറകു ഭാഗത്തുണ്ടായിരുന്ന കുട്ടികളാണ് അപകടത്തിൽ മരിച്ചത്. മുന്നിൽ നടന്നവർ  ഗുരുതര പരിക്കോടെ രക്ഷപ്പെട്ടു. ഒമ്പത് കുട്ടികൾ സംഭവ ദിവസവും അനുശ്രീ ഒമ്പതാം ദിവസവുമാണ് മരിച്ചത്. പെരുമണ്ണ് നാരായണ വിലാസം എൽപി സ്‌കൂൾ വിദ്യാർഥികളായിരുന്നു എല്ലാവരും.
പെരുമണ്ണ് പടിയൂർ കുംഭത്തി ഹൗസിലെ രമേശന്റെ മക്കളായ അഖിന (ഏഴ്),  അനുശ്രീ, ചിറ്റയിൽ ഹൗസിൽ സുരേന്ദ്രന്റെ മകൾ സാന്ദ്ര സുരേന്ദ്രൻ (എട്ട്), കുംഭത്തി ഹൗസിൽ നാരായണന്റെ മകൾ കാവ്യ (എട്ട്), കൃഷ്ണാലയത്തിൽ കുട്ടന്റെ മകൾ നന്ദന (ഏഴ്), പെരുമണ്ണിലെ വ്യാപാരി രാമകൃഷ്ണന്റെ മകൾ മിഥുന (അഞ്ച്), ബാറുകുന്നുമ്മൽ ഹൗസിൽ മോഹനന്റെ മകൾ സോന (എട്ട്), സറീന മൻസിലിൽ ഇബ്രാഹിമിന്റെ മകൾ സി വി എൻ റംഷാന (എട്ട്), സജീവന്റെ മകൾ സഞ്ജന (അഞ്ച്), ബാറുകുന്നുമ്മൽ വീട്ടിൽ വിജയന്റെ മകൻ വൈഷ്ണവ് (ഏഴ്) എന്നിവരാണ് മരിച്ചത്.
എ അതുൽ, കെ അഭിനന്ദ്, കെ അഭിഷേക്, പി സ്‌നേഹ, പി പി സന്ദേഷ്ണ, പി മേഘ, കെ വർഷ, എം വി പ്രിയങ്ക, എം ടി അശ്വിൻ, എം ടി അജയ്, പൂജാലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്. മരിച്ച പത്തു കുട്ടികളെയും ഇൻക്വസ്റ്റ് നടത്തിയത് 10 എസ്‌ഐമാരായിരുന്നു. ഡിവൈഎസ‌്പിമാരായ പി സി ബാബു, പി എൻ വിശ്വനാഥൻ, എം പി ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ സി കെ രാമചന്ദ്രനും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. പി വി ഹരി, അഡ്വ. കെ. അജിത് കുമാർ എന്നിവരും ഹാജരായി.
പ്രധാന വാർത്തകൾ
Top