15 November Thursday

പെരിയവരൈ സമാന്തര പാലം 10 ദിവസത്തിനകം പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

  

മൂന്നാർ
പെരിയവരൈ സമാന്തര പാലത്തിന്റെ നിർമാണം ആരംഭിച്ചു. പ്രളയത്തെ തുടർന്ന് തകർന്ന പെരിയവരൈ പാലത്തിന‌് സമാന്തരമായി നിർമിക്കുന്ന താൽക്കാലിക പാലത്തിന്റെ പണികളാണ‌് തുടങ്ങിയത‌്. പത്ത് ദിവസങ്ങൾക്കകം സഞ്ചാര യോഗ്യമാക്കുകയാണ‌് ലക്ഷ്യം. തകർന്ന പാലത്തിന‌് സമീപം പുൽമേടുകൾ നികത്തി നിരപ്പാക്കിയശേഷം മക്കിട്ട് ഉയർത്തും. തുടർന്ന് വലിയ പൈപ്പുകൾ ആറിനു കുറുകെയിട്ട് അതിനു മുകളിൽ മണ്ണും മെറ്റലും നിരത്തി താൽക്കാലിക പാലം നിർമിക്കും.
     തിരുവനന്തപുരത്തുനിന്നും ഡിസൈൻ വിങ് ഉദ്യോഗസ്ഥർ മൂന്നാറിലെത്തി പരിശോധന നടത്തിയിരുന്നു. ഇവരുടെ നിർദേശ പ്രകാരമാണ് പാലം പണി ആരംഭിച്ചത്. മൂന്നാറിൽനിന്നും മൂന്ന് കിലോമീറ്റർ അകലെ ഉദുമലപേട്ടയിലേക്കുള്ള വഴിയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള പാലമാണ് മഹാ പ്രളയത്തെ തുടർന്ന് 15ന് തകർന്നത്.  എസ്റ്റേറ്റുകളിലേക്കും മറ്റും തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയതിരുന്നത് പെരിയവരെ പാലത്തിലൂടെയാണ്.
     പാലം തകർന്നതോടെ ജനങ്ങൾ വലഞ്ഞു. നീലക്കുറിഞ്ഞി പൂക്കുന്ന രാജമലയിലേക്ക് പോകേണ്ടതും ഈ പാലത്തിലൂടെയെന്ന പ്രത്യേകതയുമുണ്ട്. പാലത്തിന്റെ ഇരു വശത്തുമായി നിർത്തിയിട്ടിരിക്കുന്ന ഓട്ടോ റിക്ഷകളാണ് ജനങ്ങളുടെ ഏക ആശ്രയം. താൽക്കാലിക പാലം പണിയുന്ന സ്ഥലം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് സ്വകാര്യ തേയില കമ്പനി രംഗത്ത് വന്നത് പാലം പണി അനിശ്ചിതത്തിലാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.
 
  
 
പ്രധാന വാർത്തകൾ
Top