21 July Saturday

ജില്ലയിലെ മത്സ്യക്കൃഷി സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മന്ത്രി മേഴ്സിക്കുട്ടിയമ്മ

വെബ് ഡെസ്‌ക്‌Updated: Friday Dec 29, 2017

ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ കാഞ്ഞാര്‍ കൈപ്പയില്‍ മലങ്കര ജലാശയം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു

 ഇടുക്കി > ജില്ലയിലെ ജലാശയങ്ങളിലെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ശുദ്ധജല മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  മത്സ്യവികസന വകുപ്പ് ഹാച്ചറികള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മലങ്കര, കുളമാവ് ഡാമുകള്‍ മന്ത്രി സന്ദര്‍ശിച്ചു.

  ആദ്യഘട്ടത്തില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, ഇരട്ടയാര്‍, മലങ്കര, കല്ലാര്‍ എന്നീ ഏഴു ജലസംഭരണികളിലായി 19814 ഹെക്ടറില്‍ ശുദ്ധജല മത്സ്യക്കൃഷി ആരംഭിക്കും. വര്‍ഷം 4000 മെട്രിക് ടണ്‍ ശുദ്ധജല മത്സ്യം ഉല്‍പാദിപ്പിക്കാനാവും. ഇതുവഴി 2000 പേര്‍ക്ക് വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ കഴിയും. 
 മലങ്കര ഡാമിലെ കാഞ്ഞാര്‍ കൈപ്പയില്‍ നാല് ഹെക്ടറില്‍ ഹാച്ചറിയും കുടയത്തൂരില്‍ രണ്ട് ഹെക്ടറില്‍ അക്വേറിയം സ്ഥാപിക്കും. ഇതിനായി ഫിഷറീസ് വകുപ്പിന് ജലസേചന വകുപ്പില്‍ നിന്നും അനുമതി ലഭ്യമാക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ജനുവരിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഹാച്ചറി സ്ഥാപിക്കാന്‍ 10 കോടി രൂപ ചെലവാകും. ഇതില്‍ മുഖ്യവിഹിതം ഫിഷറീസ് വകുപ്പ് വഹിക്കും. ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും പദ്ധതിയോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 
   ജില്ലയില്‍ സ്വകാര്യ സംരംഭകരും സഹകരണ സംഘങ്ങള്‍ വഴിയും ഇപ്പോള്‍ 426 ഹെക്ടറിലാണ് മത്സ്യകൃഷി നടന്നുവരുന്നത്. മത്സ്യകൃഷി വികസന സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളും പദ്ധതികള്‍ ആവിഷ്കരിക്കണം.    
 
 
    ജില്ലയില്‍ ഇപ്പോള്‍ മത്സ്യം വരുന്നത് തീരദ്ദേശ ജില്ലകളില്‍ നിന്നും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ്. ഇവിടെ ഹാച്ചറി സ്ഥാപിക്കുന്നതോടെ ജില്ലയില്‍ തന്നെ ഉല്‍പാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ഇവിടത്തെ കാലാവസ്ഥയില്‍ കൂടുതല്‍ അതിജീവന സാധ്യതയുണ്ടാകും. ഡാമുകളില്‍ തദ്ദേശീയ മത്സ്യങ്ങള്‍ കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ സംഭരണികളില്‍ രുചികരമായ ഡ്രൌട്ട് പോലുള്ള കോള്‍ഡ് ഫിഷ് വളര്‍ത്താനുള്ള സാധ്യതകള്‍ പരിഗണിക്കും. വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കാന്‍ വൈദ്യുതി, ജലവിഭവം, വനം വകുപ്പ് മന്ത്രിമാരുടെ യോഗം ജനുവരി ആറിന് വിളിച്ചുചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു. 
 
      ജില്ലയില്‍ മത്സ്യകൃഷി വികസനത്തിനുള്ള പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് പരമാവധി സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൌലോസ് പറഞ്ഞു. എഡിഎം പി ജി രാധാകൃഷ്ണന്‍, ഫിഷറീസ് ജോയിന്റ ഡയറക്ടര്‍ ഇഗ്നേഷ്യസ് മണ്‍റോ, ഡെപ്യൂട്ടി ഡയറക്ടര്‍(ഇന്‍ലാന്റ്) തുളസികുമാരി, ജോയ്സ് എബ്രഹാം, രാജ്മോഹന്‍ ഐ, കെ എല്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. 
 ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍ സംബന്ധിച്ച് മന്ത്രി വെള്ളിയാഴ്ച രണ്ടിന് തേക്കടി ആരണ്യ നിവാസില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top