21 September Friday

റോഡുകളുടെ പുനർനിർമാണത്തിന് പ്രഥമ പരിഗണന‐ മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

ചെറുേതാണി പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നിർമാണ ജോലികൾ പുരോഗമിക്കുന്നു

ഇടുക്കി
ജനങ്ങളുടെ ദുരിതമകറ്റുന്നതിനൊപ്പം റോഡുകളുടെ പുനർനിർമാണത്തിന് സർക്കാർ പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി എം എം മണി പറഞ്ഞു. അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പിൽനിന്ന് മടങ്ങാൻ വീടുകളില്ലാത്തവരുടെ പ്രശ്‌നം പരിഹരിക്കും. പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ ആരോഗ്യ രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് കൃത്യമായും വേഗത്തിലും വിശദമായും നടത്തണമെന്നും വാസയോഗ്യമല്ലാത്ത വീടുകളുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകണമെന്നും ജോയ്‌സ് ജോർജ് എംപി പറഞ്ഞു. 
    ഇടുക്കിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം വലിയ നഷ്ടമാണ് ഉണ്ടായതെന്നും ജില്ലയുടെ പുനർനിർമിതിയാണ് ഇനി വേണ്ടതെന്നും വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകണമെന്നും  ബിനോയ് വിശ്വം എംപി ചൂണ്ടിക്കാട്ടി. തകർന്ന റോഡുകളെല്ലാം പുനർനിർമിക്കണ്ടതുണ്ടെന്നും ഇതിന് കൃത്യവും ബൃഹത്തായതുമായ ആസൂത്രണം തന്നെ ആവശ്യമുണ്ടെന്നും പി ജെ ജോസഫ് എംഎൽഎ പറഞ്ഞു. 
മുല്ലപ്പെരിയാർ അണക്കെട്ടിലൂടെ വീണ്ടും വലിയ തോതിൽ വെള്ളം തുറന്നുവിട്ടാൽ ഇപ്പോൾ ക്യാമ്പിൽനിന്ന് വീടുകളിലേക്ക‌് മടങ്ങിയ 600 ലേറെ കുടുംബങ്ങൾ വീണ്ടും പ്രതിസന്ധിയിലാകുമെന്നും ഇവരെ സ്ഥിരമായി പുനരധിവസിപ്പിക്കാൻ നടപടി വേണമെന്നും ഇ എസ് ബിജിമോൾ എംഎൽഎ പറഞ്ഞു. 
   പഞ്ചായത്തുകളിൽ എൻജിനിയർമാരുടെ അപര്യാപ്തത ദുരിതാശ്വാസ നടപടികളെ ബാധിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണമെന്ന് എസ‌് രാജേന്ദ്രൻ എംഎൽഎ പറഞ്ഞു. ചെറുതോണിയിൽ നിന്ന് കട്ടപ്പനയിലേക്ക് ഗതാഗതം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിവേണമെന്നും പാലം നിർമിക്കാൻ ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടണമെന്നും റോഷി അഗസ്റ്റിൻ എംഎൽഎ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാൽ, എഡിഎം പി ജി രാധാകൃഷ്ണൻ, ആർഡിഒ എംപി വിനോദ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
Top