20 November Tuesday

ഏലം വിപണിയിലെ മേൽക്കൈ നിലനിർത്തണം: മന്ത്രി വി എസ് സുനിൽകുമാർ

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018

 

 
നെടുങ്കണ്ടം
രാജ്യാന്തര ഗുണനിലവാരം നിലനിർത്തി ഏലം കൃഷി സംരക്ഷിച്ച‌് വിദേശ വിപണിയിലെ മേൽക്കോയ്മ നിലനിർത്തണമെന്ന‌്  കൃഷിമന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രം സംഘടിപ്പിച്ച കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീടനാശിനികളുടെ അമിത ഉപയോഗം മൂലം ഉൽപന്നങ്ങളിൽ അതിന്റെ അംശം കടന്നുകൂടി രാജ്യാന്തര വിപണിയിൽ തിരിച്ചടി നേരിടുകയാണ‌്. ഏതുതരം കീടനാശിനികൾ ഉപയോഗിക്കണമെന്നതിൽ കമ്പനി പ്രതിനിധികളുടെ താൽപര്യങ്ങൾക്ക് കർഷകർ വശംവദരാകരുത‌്. കാർഷിക ഗവേഷകരും സ്ഥാപനങ്ങളും കൃഷിവകുപ്പും കർഷകരും സംയുക്തമായി ഇതിന‌് മാറ്റം വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഏലത്തോട്ടങ്ങൾ സന്ദർശിച്ച‌് കീടനാശിനി 'മരുന്ന് ' കുറിക്കുന്നവർ കമ്പനികളുടെ ഏജന്റുമാർ മാത്രമാണ‌്. കമ്പനികളുടെ വരുമാനം ഉയർത്തുകയാണ‌് ഇവരുടെ ലക്ഷ്യം. ലോക വിപണിയിൽ പ്രിയമേറിയ നമ്മുടെ ഏലം അമിതവിഷമുള്ള കീടനാശിനി ഉപയോഗം മൂലം പിന്തള്ളപെടുന്ന സാഹചര്യം ഉണ്ടായാൽ വിപണി തകരും. മേഖലയിലെ സർക്കാർ ഇടപെടലിന‌് കർഷകരുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ണിന്റെയും കാലാവസ്ഥയുടെയും ഘടന മനസ്സിലാക്കി ഉൽപാദനം വർധിപ്പിക്കും.
 കാർഷിക സർവകലാശാല വഴി പഠനം പൂർത്തിയാക്കിയ ജീവനക്കാരെ ഇതിനായി നിയമിക്കും.  ഉൽപാദന ചെലവ് നിയന്ത്രിച്ച‌് കർഷകന് ഗുണപ്രദമാകുന്ന കൃഷി രീതി അവലംബിപ്പിക്കുകയാണ് കൃഷി വകുപ്പിന്റെ ലക്ഷ്യം‌‌.
 ഏലത്തിന്റെ ലേല സമ്പ്രദായത്തിൽ കർഷകർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പരാതിയുള്ള സാഹചര്യത്തിൽ  സ്പൈസസ് ബോർഡുമായി ആലോചിച്ച‌് നടപടികൾ സ്വീകരിക്കും. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്പൈസസ്, റബർ, കോഫി, ബോർഡുകളിൽ നടക്കുന്ന പ്രവർത്തനം കർഷകർക്ക് ഉപകാരപ്രദമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ. പി ഇന്ദിരാദേവി അധ്യക്ഷയായി. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അയൂബ്, ഗവേഷണകേന്ദ്രം മേധാവി ഡോ. എം മുരുകൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷിജോ ജോർജ‌്, ഡോ. ധന്യ, സുധ മോഹനൻ, പ്രിൻസ് മാത്യു, ജയ്കൃഷ്ണ എന്നിവർ സംസാരിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top