25 September Tuesday

കോടമഞ്ഞ‌് പുതച്ച‌് ചിന്നക്കനാൽ പവർഹൗസ് വെള്ളച്ചാട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

ചിന്നക്കനാൽ പവർഹൗസ് വെള്ളച്ചാട്ടം

 

 
 രാജാക്കാട‌്
കോടമഞ്ഞ് പുതച്ചുകിടക്കുന്ന ഉയർന്ന കുന്നിൻമുകളിൽ അന്തരീക്ഷത്തിൽ നിന്നും പിറവിയെടുത്തതുപോലെ ചിന്നക്കനാൽ പവർഹൗസ് വെള്ളച്ചാട്ടം. പച്ചപുതച്ച തേയിലത്തോട്ടങ്ങൾക്ക് നടുവിലെ ചെറുമരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ മലഞ്ചെരുവിൽ ഇരുന്നൂറടിയോളം ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലൂടെ ചിന്നിച്ചിതറി താഴേക്കിറങ്ങുന്ന വെള്ളച്ചാട്ടം മനംമയക്കുന്ന കാഴ‌്ചയാണ‌്. 
    ഐതിഹ്യമുറങ്ങുന്ന ദേവികുളം സീതാദേവി കുളത്തിൽ നിന്നും ഉത്ഭവിച്ച് മുട്ടുകാട് ഭാഗത്തേക്കൊഴുകുന്ന തോടാണ‌്  ജലസമൃദ്ധിയിൽ വന്യസൗന്ദര്യം പേറുന്ന വെള്ളച്ചാട്ടമായി പരിണമിച്ച് പവർഹൗസ് ഭാഗത്തുകൂടി കൊച്ചി‐ ധനുഷ‌്കോടി ദേശീയപാതയെ മുറിച്ച് താഴ‌് വാരത്തിലേക്ക‌് പതിക്കുന്നത‌്.  ചിന്നക്കനാൽ പവർഹൗസ് ജങ‌്ഷനിൽനിന്നും ഏതാനും മീറ്റർ മൂന്നാർ ഭാഗത്തേക്ക‌് സഞ്ചരിച്ചാൽ പ്രകൃതി ഒരുക്കിവച്ച ഈ മനോഹര കാഴ്ചയ്ക്കരികിലെത്താം. 
   നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുമൂലം ദേവികുളം ഗ്യാപ്പ് ഭാഗത്ത് ദേശീയപാത അടച്ചിരിക്കുന്നതിനാൽ സഞ്ചാരികളുടെ തിരക്കും വഴിയോരക്കച്ചവടകാരുടെ ബാഹുല്യവുമില്ലാതെ വെള്ളച്ചാട്ടത്തെ അടുത്തുനിന്ന് ആവോളം ആസ്വദിക്കാൻ സാധിക്കും. ചിന്നക്കനാൽ, പെരിയകനാൽ, ആനയിറങ്കൽ, സൂര്യനെല്ലി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരുടെ മൺസൂൺകാല ഇടത്താവളമായി ഇവിടം മാറി. ദേശീയപാതയിൽ പൂപ്പാറയിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top