19 September Wednesday

കുരുമുളക് പ്രതിസന്ധി: എംപിമാർ വീണ്ടും കേന്ദ്ര വാണിജ്യ മന്ത്രിയെ കണ്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

 

തൊടുപുഴ
കുരുമുളക് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എംപിമാർ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ഡോ. സുരേഷ് പ്രഭുവുമായി ചർച്ച നടത്തി. സർക്കാരിന്റെ ഇറക്കുമതി നിയന്ത്രണത്തിനെതിരെ വൻകിട കച്ചവടക്കാർ കോടതിയിൽനിന്ന‌് സ‌്റ്റേ വാങ്ങിയത‌് കർഷകരെ പ്രതികൂലമായി ബാധിച്ചു. ഇതു നീക്കണമെന്നാവശ്യപ്പെട്ട‌ാണ‌് എംപിമാരായ ജോയ്സ് ജോർജ‌്, എ സമ്പത്ത് എന്നിവർ മന്ത്രിക്ക‌് നിവേദനം നൽകിയത‌്. 
കഴിഞ്ഞ ദിവസം ജോയ്സ് ജോർജ‌് പാർലമെന്റിൽ കുരുമുളക് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുരുമുളക് വില വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുകയും ഉത്തരവിറക്കുകയും ചെയ‌്തിട്ടുണ്ട‌്.
നേപ്പാൾ, ബർമ്മ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ കുരുമുളക് കുറഞ്ഞവിലയ്ക്ക് കൊൽക്കത്ത തുറമുഖം വഴി ആഭ്യന്തരവിപണിയിലേക്ക് എത്തുന്നുണ്ട‌്. അയൽരാജ്യങ്ങളിൽ നിന്നുള്ള അനിയന്ത്രിതമായ ഇറക്കുമതി നിയന്ത്രിച്ചും ധനകാര്യവകുപ്പിന്റെ നേതൃത്വത്തിൽ അതിർത്തി മേഖലകളിൽ കൂടുതൽ കസ്റ്റംസ് ഓഫീസർമാരെ നിയമിച്ചും പരിശോധന കർശനമാക്കിയിരുന്നു. തുടർന്ന‌് കുരുമുളകിന്റെ വില ഉയരുകയും കർഷകർക്ക് പ്രയോജനം കിട്ടുകയും ചെയ്തിരുന്നു. എന്നാൽ, സർക്കാർ ഉത്തരവിനെതിരെ വൻകിടക്കാർ കോടതിയിൽനിന്നും സ്റ്റേ വാങ്ങിയത്. സ്റ്റേ നീക്കിക്കിട്ടുന്നതിന് ആവശ്യമായ നിയമനടപടി സ്വീകരിക്കണമെന്നാണ‌് എംപിമാർ  കേന്ദ്രമന്ത്രിയോട‌് ആവശ്യപ്പെട്ടത‌്. സത്വര നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഡോ. സുരേഷ് പ്രഭു ഉറപ്പു നൽകിയതായി ജോയ്സ് ജോർജ‌് എംപി അറിയിച്ചു.
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top