14 November Wednesday

ഹർത്താലിൽ പരക്കെ അക്രമം; മാധ്യമപ്രവർത്തകന്റെ തലയ്ക്ക്‌ അടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018

അനൂപ് ഹരിലാൽ

  നെടുങ്കണ്ടം 

യുഡിഎഫ് ആഹ്വാനം ചെയ്ത ജില്ലാ ഹർത്താലിൽ നെടുങ്കണ്ടത്ത് യുഡിഎഫ‌് ആക്രമികൾ അഴിഞ്ഞാടി. അത്യാസന്നനിലയിൽ ആശുപത്രിയിൽ എത്തിയ രോഗികളെ ചികിത്സിക്കുന്നതിനായി കാറിൽ എത്തിയ ഡോക്ടറെ ഹർത്താൽ അനുകൂലികൾ തടഞ്ഞു. വാഹനത്തിന‌് കേട‌് വരുത്തുകയും ചെയ‌്തു. 
    ഹർത്താൽ ദിനത്തിൽ മാധ്യമപ്രവർത്തകനെ യുഡിഎഫ് പ്രവർത്തകർ വളഞ്ഞിട്ട‌് ആക്രമിച്ചു. വാർത്താശേഖരിക്കാൻ എത്തിയ മാതൃഭൂമി നെടുങ്കണ്ടം ലേഖകൻ അനൂപ് ഹരിലാലിനെയാണ് വാഹനം തടഞ്ഞ് നിർത്തി വളഞ്ഞിട്ടു മർദിച്ചത്. മർദനത്തെ തുടർന്ന് തീർത്തും അവശനായ അനൂപിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ‌്ച പകൽ 11 ന‌് വീട്ടിൽ നിന്നും ബൈക്കിൽ നെടുങ്കണ്ടത്തേക്ക‌് വരുന്ന വഴി അനൂപിനെ താന്നിമൂട് പാലത്തിന് സമീപംവച്ച് സമരക്കാർ തടയുകയായിരിന്നു. ബൈക്ക് നിർത്തിയ അനൂപ് മാധ്യമ പ്രവർത്തകനാണെന്നും വാർത്ത ശേഖരിക്കാൻ പോവുകയാണെന്നും പറഞ്ഞു. ഏത് വലിയ മാധ്യമ പ്രവർത്തകനാണെങ്കിലും വിടില്ലായെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അരുൺ അരവിന്ദന്റെ നേതൃത്വത്തിൽ അനൂപിന്റെ ഹെൽമെറ്റ് വലിച്ചൂരി തലയ്ക്കിട്ട് അടിക്കുകയായിരുന്നു. അവിടെ ഓടിക്കൂടിയ നാട്ടുകാരാണ് ആക്രമകാരികളിൽ നിന്ന് രക്ഷപെടുത്തി വിട്ടത്. ദേഹാശ്വാസ്യവും മർദനത്തെ തുടർന്നുണ്ടായ കഠിനമായ വേദനയെയും തുടർന്ന് നെടുങ്കണ്ടം തൂലൂക്ക് ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു.
 രോഗികളെ പരിശോധിക്കാനെത്തിയ ഡോക്ടറുടെ കാറിന്റെ ടയറിന്റെ കാറ്റ് കുത്തിവിടുകയും ചെയതു. ഇതിനെ തുടർന്ന് ഡോക്ടർ നടന്ന‌് പോയി രോഗികളെ ചികിത്സിച്ചു. നെടുങ്കണ്ടം പടിഞ്ഞാറേക്കവലയുള്ള നവീൻ പോളി ക്ലീനിക്കിൽ രോഗികളെ കാണുന്നതിനായി എത്തിയ ഡോക്ടർ നവീൻ ചന്ദ്രയെയാണ്‌ നെടുങ്കണ്ടം കേജീസ് ജ്വല്ലറിക്ക‌് സമീപം ഹർത്താൽ അനുകൂലികൾ തടഞ്ഞത്‌. ഡോക്ടറാണെന്ന‌് പറഞ്ഞിട്ടും യുഡിഎഫ് പ്രവർത്തകർ വഴങ്ങിയില്ല. കാറിൽനിന്ന് പിടിച്ചിറക്കി വിടുകയായിരുന്നുവെന്ന് ഡോക്ടർ  പറഞ്ഞു.  ആശുപത്രിയിൽ പോയി തിരിച്ചെത്തിയപ്പോഴേക്കും സമരാനുകൂലികൾ കാറിന്റെ ടയറിന്റെ കാറ്റു കുത്തിവിട്ടിരുന്നു. തുടർന്ന് ഡോക്ടർ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. 
 മൂലമറ്റത്ത‌് അശോക കവലയിൽ ഇരുചക്രവാഹനങ്ങളും കെഎസ്ആർടിസി ബസും ഉൾപ്പെടെ തടയുകയും ആസഭ്യം പറയുകയും ആക്രമിക്കുകയും ചെയ‌്തു.  ഫോട്ടോ എടുക്കാനെത്തിയ മാധ്യമ പ്രവർത്തകർക്കു നേരെയുമുണ്ടായി ആക്രമം.  മദ്യലഹരിയിലായിരുന്നു ഹർത്താൽ അനുകൂലികളെന്ന‌് പരാതിയുണ്ട്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top