23 September Sunday

വണ്ടിപ്പെരിയാർ നദീതീരങ്ങളിൽ തകർന്നത് 400 ലേറെ വീടുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018
വണ്ടിപ്പെരിയാർ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ താഴ‌്‌ഭാഗത്തുള്ള വണ്ടിപ്പെരിയാർ പഞ്ചായത്തിലെ നദീതീരങ്ങളിൽ തകർന്നത് നാനൂറിലേറെ വീടുകൾ. പെരിയാർ നദി കരകവിഞ്ഞൊഴുകിയതോടെ തീരങ്ങളിലുള്ള നൂറിലേറെ വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. 130 വീടുകൾ പൂർണമായും തകർന്നു. താമസയോഗ്യമല്ലാത്തവയുൾപ്പെടെ 282 വീടുകളുമുണ്ട്. അണക്കെട്ട് തുറന്നുവിട്ടതോടെയാണ് വീടുകൾക്ക് നാശനഷ്ടമുണ്ടായത്. അണക്കെട്ടിന് താഴെ എട്ട‌് കിലോമീറ്റർ വനമേഖലയിലൂടെയാണ് നദി ഒഴുകുന്നത്. തുടർന്ന‌് ജനവാസ മേഖലയായ വള്ളക്കടവിലാണ് ആദ്യം വീടുകളിൽ വെള്ളം കയറിയത്. അണക്കെട്ട് തുറക്കുംമുമ്പ് കനത്ത മഴമൂലം പെരിയാർ നദിയിൽ അഞ്ച് അടിയിലേറെ വെള്ളം ഉണ്ടായിരുന്നു. പതിമൂന്ന് ഷട്ടറുകളും ആറ് അടിവീതം ഉയർത്തിയതോടെ പതിനഞ്ച് അടിയിലേറെ വെള്ളം നദിയിൽ ഉയർന്നു. ചില സ്ഥലങ്ങളിൽ ഇരുപത് അടിയും. ചന്ദ്രവനം പോലുള്ള പ്രദേശങ്ങളിൽ ഇരുപത്തഞ്ച് അടിയിലേറെയും വെള്ളം ഉയർന്നു. ഇതോടെ നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. അമ്പലപ്പടി, കുരിശുംമൂട്, ചപ്പാത്ത്, കറുപ്പുപാലം, കടശിക്കാട് ആറ്റോരം, ഇഞ്ചിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വണ്ടിപ്പെരിയാർ, നല്ലതമ്പി കോളനി, അയ്യപ്പൻകോവിൽ, ചന്ദ്രവനം, കീരിക്കര, മ്ലാമല നാല്കണ്ടം, ഡൈമുക്ക് ആറ്റോരം, പശുമല ആറ്റോരം, മൂങ്കലാർ, പൂണ്ടിക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം ഇരച്ചുകയറി. 
ആളുകളെ മാറ്റിപാർപ്പിച്ചതിനാൽ ആളപായമുണ്ടായില്ല. വെള്ളം കയറിയ വീടുകളിലുണ്ടായിരുന്ന ഉപകരണങ്ങളാകെ നശിച്ചു. ഗ്യാസ് അടുപ്പ്,  ഫ്രിഡ്ജ്, ഗ്രൈന്റർ, മിക്സി തുടങ്ങിയ വീട്ടുപകരണങ്ങളും കട്ടിൽ, കട്ടിൽ, മേശ, അലമാര, സെറ്റി തുടങ്ങിയ ഫർണിച്ചറുകളും നശിച്ചു. ടിവി, സീലിങ് ഫാൻ, ബെഡ് ഉൾപ്പെടെയുള്ളവ പൂർണമായും നശിച്ചു. മിക്ക വീടുകളും പൂർണമായും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിൽ മുപ്പതടി ഉയരത്തിൽവരെ വെള്ളം കയറി. നിരവധി പേരുടെ പണിയായുധങ്ങളും നശിച്ചു. ചില വീടുകളിൽനിന്നും വീട്ടുസാധനങ്ങൾ ഉൾപ്പെടെ വെള്ളത്തിൽ ഒഴുകിപ്പോയി. 
  വെള്ളം ഇറങ്ങിയതോടെ വീടുകൾ ശുചിയാക്കുന്നതായി കഷ‌്ടപ്പാട‌്. ചില വീടുകളിൽ നാലടിയോളം ഉയരത്തിൽ ചെളി അടിഞ്ഞിരുന്നു. തുറക്കാനാവാതെ വാതിലുകൾ തകർത്താണ് ചിലയിടങ്ങളിൽ അകത്ത് കയറിയത്. പത്ത് പേരടങ്ങുന്ന സംഘം ഒരു ദിവസം മുഴുവൻ സന്നദ്ധ പ്രവർത്തനം നടത്തിയാണ‌് ചില വീടുകൾ വൃത്തിയാക്കാൻ കഴിഞ്ഞത്. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള പന്ത്രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 3820 പേരാണ് താമസിച്ചിരുന്നത്. അവശേഷിക്കുന്ന ക്യാമ്പുകളിൽ 77 കുടുംബങ്ങളിലെ നാനൂറോളം പേർ ഇപ്പോഴും താമസിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top