24 September Monday

വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക‌് പ്രത്യേക പരിഗണന‐ മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018
അടിമാലി
കാലവർഷക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ സർക്കാർ പ്രത്യേക പരിഗണന നൽകി സംരക്ഷിക്കുമെന്ന് മന്ത്രി എം എം മണി. അടിമാലി സർക്കാർ ഹൈസ‌്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട് നഷ്ടപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നിർമിച്ച് നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി വീടുകൾ പുനർനിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. 
    അടിമാലിയിൽ നിലവിൽ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവർത്തിക്കുന്നത്. വീടും സ്ഥലവും ഇല്ലാതെ വാടക വീടുകളിൽ കഴിയുന്നവരും നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസം തുടരുകയാണ്. വാടകയ‌്ക്ക് താമസിച്ചിരുന്ന വീടുകൾ നഷ്ടപ്പെട്ട  കുടുംബങ്ങളുടെ ദുരിതം പരിഹരിക്കാൻ ശ്രദ്ധയോടെയും കരുതലോടെയുമുള്ള തീരുമാനങ്ങൾ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു. ക്യാമ്പിലെത്തിയ മന്ത്രിയെ വീടും സ്ഥലവും നഷ്ടപ്പെട്ടവർ തങ്ങളുടെ സങ്കടങ്ങൾ അറിയിച്ചു. പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാമെന്ന് മന്ത്രി കുടുംബങ്ങൾക്ക് ഉറപ്പുനൽകി. വീടും സ്ഥലവും ഇല്ലാത്തവരെ താൽക്കാലികമായി പാർപ്പിക്കാൻ ഉതകുന്ന പഞ്ചായത്തിലെ മറ്റിടങ്ങൾ കണ്ടെത്താൻ  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 40 പേരാണ് ഇപ്പോൾ അടിമാലിയിലെ ക്യാമ്പിൽ കഴിയുന്നത്. പഞ്ചായത്തിലെ മറ്റു ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്നവരെല്ലാം വീടുകളിലേക്ക് മടങ്ങി.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top