19 November Monday
കാലവർഷം

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018
 
ഇടുക്കി
കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും  പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യത ഏറെ. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന‌് ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ അറിയിച്ചു. കനത്ത മഴയിൽ കിണറുകളും മറ്റു കുടിവെള്ള സ്രോതസ്സുകളും മലിനമാകാനിടയുണ്ട‌്. ഇതുമൂലം വയറിളക്കവും എലിപ്പനിയും കൂടുതലായി വരാനുള്ള സാധ്യതയേറെയാണ‌്.  
     രോഗാണുവാഹകരമായ എലി, മറ്റു ജീവികളുടെ മൂത്രം വഴി മലിനമായ ജലത്തിൽ കൂടിയാണ് രോഗപകർച്ച. ഓടകൾ, വയലുകൾ, തോടുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരിൽ രോഗ സാധ്യത കൂടുതലാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം മുൻകരുതലായി ഡോക്സിസൈക്ലിൻ ഗുളിക കഴിക്കാം. ഓടകളിലും മറ്റും പണിയെടുക്കുമ്പോൾ കാലുറകൾ, കൈയുറകൾ പോലുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കണം. വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിനുചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ എലിപ്പനിയുടേതാകാം. കണ്ണിൽ മഞ്ഞനിറവും കാണാമെന്നതിനാൽ മഞ്ഞപ്പിത്തമായി തെറ്റിദ്ധരിക്കാനും ഇടയുണ്ട്. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണം. 
    ചികിത്സ കാലതാമസം രോഗം ഗുരുതരമാകാനിടയുണ്ട്. മരണകാരണവുമാകാം. ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ല. ജില്ലയിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും സഹകരണമുണ്ടാകണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ അടുത്തുള്ള ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top