21 November Wednesday

മുല്ലപ്പെരിയാർ മേഖലയിൽ തുടർ മഴ ശക്തമാകാതിരുന്നത് അനുകൂലമായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

 

കുമളി
തുടർ മഴയിൽ ഇടുക്കി സംഭരണിയിലെ ജലനിരപ്പ് ഉയർന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കേണ്ടിവന്ന വേളയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംഭരണ ശേഷിയിലെത്താതെ നിന്നത് വൻ വെള്ളപ്പൊക്കത്തിനുള്ള സാധ്യത കുറച്ചു. 2015 ഡിസംബറിൽ മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി പെയ്ത മഴയെതുടർന്ന് ജലനിരപ്പ്142 അടി പിന്നിട്ടിരുന്നു. അന്ന് അണക്കെട്ടിന് താഴെയുള്ള പെരിയാർ നദിയിൽ സ്ഥിതിചെയ്യുന്ന ഇടുക്കിയുൾപ്പെടെയുള്ള അണക്കെട്ട് പ്രദേശങ്ങളിൽ മഴയില്ലായിരുന്നു. മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്ത മഴ മൂലം ജലനിരപ്പ് 142 അടിയിലെത്തി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഭീതിയിലായ തമിഴ്നാട് അധികൃതർ മുന്നറിയിപ്പില്ലാതെ സ്പിൽവേ ഷട്ടറുകൾ തുറന്ന് ഇടുക്കിയിലേക്ക് വെള്ളം ഒഴുക്കി. ഇതിനെ തുടർന്ന് പെരിയാർ നദിയിൽ ആറുഅടിയിലേറെ വെള്ളം ഉയർന്നു.
മുന്നറിയിപ്പില്ലാതെ സ്പിൽവേ ഷട്ടർ തുറന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കിയതിൽ തീരവാസികൾ കടുത്ത പ്രതിഷേധം ഉയർത്തി. ഷട്ടർ തുറന്നതിനെ തുടർന്ന് ആറു വീടുകളിൽ വെള്ളം കയറി. 2015 ഡിസംബർ ഏഴിന് രാത്രി എട്ടിനാണ് മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടർ ഉയർത്തിയത്. ഷട്ടർ തുറക്കുന്നത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും നൽകിയില്ല. അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ വാർത്താ ചാനലുകളിൽ അറിയച്ചതോടെയാണ് വിവരം തീരവാസികൾ അറിഞ്ഞത്. സംസ്ഥാന സർക്കാരിന്റെയും ജില്ലാ അധികാരികളുടെയും നടപടിയിൽ പ്രതിഷേധിച്ച് തീരവാസികൾ രാത്രി മാധ്യമ പ്രവർത്തകരെ വള്ളക്കടവിലും കറുപ്പുപാലത്തും തടയുകണ്ടായി. കറുപ്പുപാലം ചപ്പാത്ത് പാലത്തിന് മുകൾ ഭാഗംവരെ വെള്ളം ഉയർന്നിരുന്നു. എട്ടു ഷട്ടറുകൾ ഒന്നരയടി വീതം ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയപ്പോൾ ആറടി വെള്ളം ഉയർന്നു. വള്ളക്കടവ് വനംവകുപ്പിന്റെ ഡോർമെറ്ററിയിലേക്കുള്ള പാലത്തിന്റെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകി.
 മുന്നറിയിപ്പില്ലാതെ അണക്കെട്ട‌് തുറന്നതിൽ പ്രതിഷേധിച്ച‌് വണ്ടിപ്പെരിയാറിൽ രാത്രി നാട്ടുകാർ ഒരു മണിക്കൂർ ദേശീയപാത തടയുകയും ചെയ്തു. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും കൃയാത്മകമായി ഇടപെടുന്നില്ലെന്ന പരാതിയുമുണ്ടായി. 
 
 ഏഴിന് രാത്രി എട്ടോടെ ഷട്ടർ തുറന്നെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് വെള്ളം വള്ളക്കടവിലെത്തിയത്. പന്ത്രണ്ടിൽ എട്ടു സ്പിൽവേ ഷട്ടറുകളിലൂടെ ഏഴിന് രാത്രി എട്ടുമുതൽ എട്ടിന് പുലർച്ചെ അഞ്ചരവരെ ഇടുക്കിയിലേക്ക് 139 ദശലക്ഷം ഘനയടി വെള്ളം ഒഴുക്കി. ഘട്ടം ഘട്ടമായാണ് ഓരോ ഷട്ടറുകളും തുറന്നത്. ആദ്യം 600 ഘനയടിയിൽ തുടങ്ങി. പിന്നീടിത് 3800 ഉം 4800 ആയി ഉയർത്തി. അണക്കെട്ടിലേക്ക് 3381 ഘനയടി വീതം വെള്ളമാണ് സെക്കൻഡിൽ ഒഴുകിയെത്തിയത്. തമിഴ്നാട്ടിലേക്ക് ശരാശരി 1170 ഘനയടിയും ഇടുക്കിയിലേക്ക് ശരാശരി 1611 ഘനയടിയും തുറന്നുവിട്ടു. അന്ന് തേക്കടിയിൽ 32.2 മില്ലീമീറ്ററും അണക്കെട്ട് പ്രദേശത്ത് 7.5 എംഎംഉം മഴയുണ്ടായിരുന്നു. ഇത്തവണ മുല്ലപ്പെരിയാറിലും വെള്ളം ഉയർന്ന് ഷട്ടർ തുറക്കേണ്ടി വന്നിരുന്നെങ്കിൽ ഇടുക്കിക്ക് മുകളിലുള്ള പെരിയാർ തീരങ്ങളിലാകെ വെള്ളം കയറിയേനെ. അതോടൊപ്പം ഇടുക്കിയിലെ ജലനിരപ്പ് കൂടുതൽ ഉയരാനും ഇടയാക്കിയോനെ.
തിങ്കളാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് 135.30 അടിയായി ഉയർന്നു. വൃഷ്ടിപ്രദേശങ്ങളിൽ വീണ്ടും മഴ പെയ്യുന്നുണ്ട്. അണക്കെട്ട് പ്രദേശത്ത് 21.8 മില്ലീമീറ്ററും തേക്കടിയിൽ 22.4 എംഎംഉം മഴ പെയ്തു. തലേദിവസം ഇത് ശരാശരി ഒരു മില്ലീമീറ്ററവും 2.6 എംഎംഉം ആയിരുന്നു. തമിഴ്നാട് 2085 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. അണക്കെട്ടിലേക്ക് 2376 ഘനയടി വീതം ഒഴുകിയെത്തുന്നുണ്ട്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top