16 July Monday

വാതിലില്ലാതെ ഇനി ഓടേണ്ട

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

 

 
കോട്ടയം > സ്വകാര്യബസുകള്‍ അപകടകരമായ രീതിയില്‍ വാതില്‍തുറന്നിട്ട് ഓടിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും ശക്തമായ നടപടിക്ക്. കഴിഞ്ഞദിവസം ഈരാറ്റുപേട്ടയില്‍ ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഗര്‍ഭിണി മരിച്ച സംഭവത്തെതുടര്‍ന്നാണ് നടപടികള്‍ ശക്തമാക്കിയത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു. ബസിന്റെ പെര്‍മിറ്റും പ്രതികളുടെ ലൈസന്‍സും റദ്ദാക്കി.
അതിവേഗത്തില്‍ പായുന്ന സ്വകാര്യ ബസുകള്‍ പലപ്പോഴും നിയമങ്ങളൊന്നും പാലിക്കാതെയാണ് സര്‍വീസ് നടത്തുന്നത്. വാതിലടച്ച് മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂവെന്ന് നിയമമുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും ചില ബസുകള്‍ ഇതിന് മടികാട്ടുന്നു. വാതില്‍ പോലുമില്ലാത്ത ബസുകളും ഏറെയുണ്ടായിരുന്നു. പരിശോധന കര്‍ശനമാക്കിയതോടെ മിക്ക ബസുകളിലും ഡോര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ഇപ്പോള്‍ ഭൂരിഭാഗം ബസുകളിലുമുള്ളത്. 
 
കഴിഞ്ഞമാസം 29 നായിരുന്നു എട്ടുമാസം ഗര്‍ഭിണിയായ നാഷിദ എന്ന യുവതി ബസില്‍നിന്നു വീണ് മരിച്ചത്. തീക്കോയിയില്‍നിന്ന് ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന ബസിന്റെ ഡോര്‍ തുറന്ന് കെട്ടിവച്ചിരിക്കുകയായിരുന്നു. വളവുതിരിഞ്ഞപ്പോള്‍ തുറന്നിട്ട ഡോറിലൂടെ നാഷിദ താഴെവീണു. തലയ്ക്കു പരിക്കേറ്റ യുവതി രണ്ടുദിവസത്തിനുശേഷം മരിച്ചു. സംഭവത്തിനുശേഷം സംസ്ഥാനത്താകെ സ്വകാര്യ ബസുകളുടെ പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ തുറന്നിട്ട വാതിലുകളുമായി പായുന്ന ബസുകള്‍ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും പതിവ് കാഴ്ചയാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍ടിഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല ഡ്യൂട്ടിയിലായതിനാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ട്. ഇവര്‍ മടങ്ങിയെത്തുന്നതോടെ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.
കുട്ടികളടക്കം തൂങ്ങിക്കിടന്ന് യാത്രചെയ്യുന്നതിനാല്‍ വാതില്‍ അടയ്ക്കാന്‍ പോലുമാകാതെ ബസുകള്‍ സഞ്ചരിക്കുന്നത് കാണാം. ഏതുനിമിഷവും വീഴാവുന്ന അവസ്ഥ. നാഷിദയുടെ ദാരുണ മരണം സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിക്ക ജില്ലകളിലും സ്വകാര്യബസുകളുടെ മത്സരഓട്ടത്തിനും നിയമലംഘനത്തിനുമെതിരെ നടപടി കര്‍ശനമാക്കിയിട്ടുണ്ട്. 
പ്രധാന വാർത്തകൾ
Top