13 November Tuesday

ഇലപ്പള്ളിയിൽ ഉരുൾപൊട്ടി; നാലേക്കറോളം ഒലിച്ചുപോയി

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
മൂലമറ്റം
ഇലപ്പള്ളിക്ക് സമീപം ഉരുൾപൊട്ടിയതിനെ തുടർന്ന് മൂലമറ്റം‐ വാഗമൺ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇലപ്പള്ളി മേത്താനം എസ്റ്റേറ്റിലേക്ക് പോകുന്ന റോഡ് തകർന്നു. ചെളിക്കൽ കവലയ്ക്ക്‌ സമീപം നാല് ഏക്കറോളം സ്ഥലത്തെ കൃഷി ഒലിച്ചുപോയി. അഞ്ചു മുതൽ പത്തു മീറ്റർ വരെ വീതിയിലാണ് കൃഷിസ്ഥലം ഒലിച്ചു പോയത്. കല്ലും മണ്ണും വന്നടിഞ്ഞ് മൂലമറ്റം‐ പുള്ളിക്കാനം റോഡിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ‌് ഉരുൾപൊട്ടൽ ഉണ്ടായത്. ഇലപ്പള്ളി വടക്കേടത്ത് ബെന്നി, വടക്കേടത്ത് സണ്ണി, ഏരിമറ്റത്തിൽ സാബു എന്നിവരുടെ പുരയിടത്തിലൂടെയാണ് ഉരുൾപൊട്ടി മണ്ണും കല്ലും ഒഴുകിയത്. മേത്താനം എസ്റ്റേറ്റിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ‌് മൂലമറ്റം‐ വാഗമൺ റൂട്ടിലെ ഗതാഗതം പുനഃസ്ഥാപിച്ചത‌്.  ഉച്ചയോടെയാണ‌് ഗതാഗതം പൂർവസ്ഥിതിയിൽ ആക്കിയത‌്.
രാവിലെ വീടിന‌് വെളിയിൽ ഇറങ്ങിയപ്പോഴാണ് ഉരുൾ പൊട്ടിയതായി മനസ്സിലാക്കിയതെന്ന‌് സമീപവാസിയായ വടക്കേടത്ത‌് സണ്ണി പറഞ്ഞു.  റോഡിൽ കല്ലും മണ്ണുമായി ഗതാഗതം തടസ്സപ്പെട്ടിരുന്നു. രണ്ടു മീറ്ററോളം വീതിയിൽ വീണ് മണ്ണ് നാട്ടുകാരുടെ സഹായത്തോടെയാണ‌് നീക്കം ചെയ‌്തത‌്.
പ്രധാന വാർത്തകൾ
Top