26 September Wednesday
മരം വീണ് സ്ത്രീയ്്‌ക്ക്‌ പരിക്ക്‌

മഴ തുടരുന്നു; കെടുതികളും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018
നെടുങ്കണ്ടം
ഹൈറേഞ്ചിൽ മഴയും കാറ്റും തുടരുന്നു. മരം വീണ് സ്ത്രീയ്ക്ക് പരിക്കേറ്റു. അപകട സാധ്യത കണക്കിലെടുത്ത് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു. ഉടുമ്പൻചോല താലൂക്കിൽ മൂന്നു ദിവസങ്ങളിലായി മൂന്ന്‌ വീടുകൾ പൂർണമായും 51 വീടുകൾ ഭാഗികമായും തകർന്നു.
 അണക്കര രാജാക്കണ്ടം കോലോത്ത് മായ രതീഷി(30)നാണ്  മരം വീണു ഗുരുതരമായി പരുക്കേറ്റത്. വീടിനു പുറത്തിറങ്ങി നിൽക്കുന്നതിനിടെ മരം വീഴുകയായിരുന്നു. മരത്തിന്റെ ചില്ലകൾ തട്ടിയാണ് പരിക്ക്‌. നട്ടെല്ലിനു ക്ഷതമേറ്റ മായയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മാത്രം രണ്ട്‌ വീടുകൾ പൂർണമായും ഒമ്പത് വീടുകൾ ഭാഗികമായും തകർന്നതായി ഉടുമ്പൻചോല തഹസിൽദാർ അറിയിച്ചു. കഴിഞ്ഞദിവസം 6.30 തോടുകൂടി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൈലാസത്തിന് സമീപം പത്തേക്കർകാനത്ത് വീട് പൂർണമായി തകർന്നു. വാരികാട്ട് ബിനോയ് ചാക്കോയുടെ വീടാണ് കനത്ത മഴയിലും കാറ്റിലും തകർന്നത്.
താലൂക്ക് ദുരന്തനിവാരണ സമിതിയെ വിവരം അറിയിച്ചതിനെത്തുടർന്ന് ബിനോയിയും ഭാര്യയും ആറ് കുട്ടികളും അടങ്ങുന്ന കുടുംബത്തെ സമീപത്തുള്ള അശോകവനം അങ്കണവാടിയിലേക്കു ഞായറാഴ്ച രാത്രി 7.30തോടെ മാറ്റി പാർപ്പിച്ചു. മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞുവീണുമാണ് ഇതില്‍ ഭൂരിഭാഗവും തകര്‍ന്നത്. മരങ്ങള്‍ വീണ് കഴിഞ്ഞ ദിവസം നിരവധി പോസ്റ്റുകള്‍ തകര്‍ന്നത് മാറ്റി സ്ഥാപിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചുവെങ്കിലും ഇനിയും പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സം നീക്കാൻ കഴിഞ്ഞിട്ടില്ല. ചേമ്പളം ഞാവള്ളിക്കാട്, കല്‍കൂന്തൽ എന്നിവിടങ്ങളിൽ നിരവധി പോസ്റ്റുകളുമാണ് തകര്‍ന്നത്. കാറ്റിലും മഴയിലും ഏലം, കുരുമുളക്, വാഴ, കപ്പ എന്നിവ വ്യാപകമായി നശിച്ചു. 
ചെമ്മണ്ണാർ കുത്തുങ്കൽ റോഡിൽ ശാന്തിനഗറിൽ ട്രാൻസ്ഫോമറിന്ന് സമീപം മരം വഴിയിലേക്ക്‌ വീണു.  വൈകിട്ട്  ആറിനാണ്  മരം വീണത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ മരം വെട്ടി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. രാജാക്കാട്ട് നിന്നും ചെമ്മണ്ണാറിനുള്ള സ്വകാര്യ ബസ് കടന്ന് പോയതിന് പിന്നാലെയാണ് മരം വീണത്. ഉടുമ്പൻചോല കെളവികുളത്ത്  മരം വീണു ഗതാഗത തടസ്സം ഉണ്ടായി. നെടുങ്കണ്ടം ഫയർഫോഴ്സും നാട്ടുകാരും എത്തി മരം മുറിച്ചുമാറ്റി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top