17 December Monday

പ്രളയാനന്തര സർക്കാർ സഹായങ്ങൾ അനുഭവവേദ്യമാകണം: ജോയ്സ് ജോർജ് എംപി

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

 

ചെറുതോണി 
പ്രളയാനന്തര സർക്കാർ സഹായങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങാതെ ജനങ്ങൾക്ക് അനുഭവവേദ്യമാക്കാൻ സർവീസ് സംഘടനകൾ ഇടപെടണമെന്ന് അഡ്വ. ജോയ്സ് ജോർജ് എംപി പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ചെറുതോണിയിൽ സംഘടിപ്പിച്ച ജില്ലയുടെ പുനർ നിർമാണവും പ്രളയാനന്തര കർമപദ്ധതിയും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
ഏകോപനവും സമയബന്ധിതമായി നടന്നാൽ മാത്രമേ പദ്ധതി ജനങ്ങളിലേക്കെത്തുകയുള്ളൂ. ദുരന്തവുമായി ബന്ധപ്പട്ട പുനർനിർമാണ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപനം സുപ്രധാനമാണ്. ജില്ലയിലെ പുനർനിർമാണ പ്രവർത്തനങ്ങൾ ആവശ്യമായ നിയന്ത്രങ്ങളോടെ അടിയന്തരമായി പൂർത്തിയാക്കണം. നിർമാണ പ്രവർത്തനങ്ങൾക്ക് മുമ്പ് ഓരോ മേഖലയിലെ ജനങ്ങളുടെ അഭിപ്രായംകൂടി പരിഗണിച്ച് വേണം മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ. ഉദ്യോഗസ്ഥരുടെ വിവേചനാധികാരം ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കാൻ കഴിയണമെന്നും എംപി പറഞ്ഞു.
ശിൽപശാലയിൽ പ്രത്യേകം പ്രബന്ധാവതരണവും ഗ്രൂപ്പ് ചർച്ചകളും നടന്നു. വിവിധ ആശയങ്ങൾ ഏകോപിപ്പിച്ച് ജില്ലയ്ക്കായുള്ള കർമപദ്ധതിയും തയ്യാറാക്കി. ജനപ്രതിനിധികൾ, സാമൂഹ്യ സംഘടനാ പ്രതിനിധികൾ, ധനകാര്യ സാങ്കേതിക ആസൂത്രണ വിദഗ്ധർ എന്നിവർ ശിൽപഫശാലയിൽ പങ്കെടുത്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് ജയൻ പി വിജയൻ അധ്യക്ഷനായി. 
   സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എൻ മിനി പൊതുസമീപന രേഖ അവതരിപ്പിച്ചു. പ്രാഥമിക ഉൽപാദന അനുബന്ധമേഖലകൾ, ആരോഗ്യ സുരക്ഷ മേഖല, അടിസ്ഥാന വികസന മേഖല, ഏകോപന ‐ നിർവഹണ മേഖല എന്നിങ്ങനെ തിരിഞ്ഞാണ് ചർച്ച സംഘടിപ്പിച്ചത്. ശശിലേഖ രാഘവൻ, ഡോ. രാജേശ്വരി, ഡോ. സി കെ ഷൈലജ, സാജു സെബാസ്റ്റ്യൻ, ജോസ് ആൻഡ്രൂസ്, അനിൽ കുമാർ, ഡോ. കെ കെ  ഷാജി എന്നിവർ ചർച്ചകൾക്ക‌് നേതൃത്വംനൽകി. ജില്ലാ സെക്രട്ടറി ഡോ. സുമേഷ് ദിവാകരൻ സ്വാഗതവും രഞ്ജുമാണി നന്ദിയും പറഞ്ഞു. 
 
 
 
പ്രധാന വാർത്തകൾ
Top