17 December Monday
ഗതാഗതം വീണ്ടും തടസ്സപ്പെട്ടു

വണ്ടിപ്പെരിയാർ വാളാഡിയിൽ ദേശീയപാതയിൽ വെള്ളം കയറി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 കുമളി

കൊട്ടാരക്കര‐ ദിണ്ഡുഗൽ ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ മഴ പെയ്തതിനെ തുടർന്നാണ് ദേശീയപാതയിൽ വണ്ടിപ്പെരിയാർ വാളാഡിയിൽ വെള്ളം കയറിയത്. വണ്ടിപ്പെരിയാറിലുള്ള മുബാറക് ബസ് വണ്ടിപ്പെരിയാർ‐ കുമളി ഷട്ടിൽ സർവീസ് നടത്തിയത് നാട്ടുകാർക്ക് സഹായകരമായി.
 
 
ബുധനാഴ്ച വൈകിട്ടോടെയാണ് വീണ്ടും വണ്ടിപ്പെരിയാറിൽ വെള്ളം കയറാൻ തുടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയോടെ വെള്ളം ഉയർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കുമളി, ചോറ്റുപാറ മേഖലയിൽ നിന്നും അഞ്ഞൂറിലധികം വിദ്യാർഥികൾ പീരുമേട്, കുട്ടിക്കാനം, പാമ്പനാർ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്നുണ്ട്. ഗതാഗതം തടസ്സപ്പെട്ടതോടെ ഇവിടെയുള്ള കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാതെയായി. കുമളിയിലുള്ള ചില സ്വകാര്യ വിദ്യാലയങ്ങളിൽ പീരുമേട്, വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവർക്കും സ്കൂളുകളിൽ എത്തിപ്പെടാൻ കഴിഞ്ഞില്ല.
റോഡിൽ വെള്ളം കയറിയതോടെ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ഈ റൂട്ടിലൂടെയുള്ള അൻപതോളം സർവീസുകൾ റദ്ദാക്കി. കോട്ടയം‐കുമളി റൂട്ടിലോടുന്ന ഒരു ബസും വ്യാഴാഴ്ച സർവീസ് നടത്തിയില്ല. ചരക്കുവാഹനങ്ങൾക്കും ഇതുവഴിയുള്ള യാത്ര ഉപേക്ഷിക്കേണ്ടിവന്നു. വിദൂര പ്രദേശങ്ങളിൽ നിന്നും കുമളി വഴി തമിഴ്നാട്ടിലേക്കുള്ള യാത്രയും കുമളി വഴി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പോകേണ്ടവരും ഏറെ ബുദ്ധിമുട്ടി. ചെറു വാഹനങ്ങൾ കുമളിയിൽ നിന്നും വെള്ളാരംകുന്ന്, ചെങ്കര, ചപ്പാത്ത്, ഏലപ്പാറ, കുട്ടിക്കാനം വഴി ഇരട്ടിദൂരം സഞ്ചരിച്ചാണ് മുണ്ടക്കയം ഭാഗത്തേക്ക് പോയത്. വ്യാഴാഴ്ച വൈകിയും മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടാനാണ് സാധ്യത. 
 
പ്രധാന വാർത്തകൾ
Top