13 November Tuesday

ഇരുതലയൻ പാമ്പിനെ കടത്തുന്നതിനിടെ 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
കുമളി
തമിഴ്നാട്ടിൽനിന്നും ഇരുതലയൻ പാമ്പിനെ കാറിൽ കേരളത്തിലേക്ക് കടത്തുന്നതിനിടെ മൂന്ന് പേരെ കുമളിയിൽ എക്സൈസ് സംഘം പിടികൂടി. കാറിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. കട്ടപ്പന, മേട്ടുക്കുഴി ഇടവക്കോടത്ത് വീട്ടിൽ അരുൺ(36), മേട്ടുക്കുഴിയിൽ ആലക്കൽ വീട്ടിൽ അനീഷ്(33), എറണാകുളം കുന്നത്തുനാട് തിരുവണ്ണൂർ കട്ടാശ്ശേരി വീട്ടിൽ എൽദോ(47) എന്നിവരെയാണ് പിടികൂടിയത്.
വാഹനത്തിലുണ്ടായിരുന്ന എറണാകുളം സ്വദേശി ജോസാണ് ഓടിരക്ഷപ്പെട്ടത്. നടപടികൾക്കുശേഷം പ്രതികളെയും പാമ്പിനേയും വനംവകുപ്പിന് കൈമാറി. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ കുമളി അതിർത്തി ചെക്പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടയിലാണ് എക്സൈസ് സംഘം പാമ്പുമായി പ്രതികളെ പിടികൂടിയത്. 
     വാഹന പരിശോധനയ്ക്കിടെ കാറിലുണ്ടായിരുന്ന ജോസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് പാമ്പ് കടത്തിലെ പ്രധാനിയെന്ന് സംശയിക്കുന്നു. കെഎൽ 10 എവി 2512 എന്ന നമ്പരിലുള്ള കാറാണ് പിടികൂടിയത്. സിമിന്റ് പൈപ്പിനുള്ളിൽ മണൽ നിറച്ചാണ് പാമ്പിനെ കടത്താൻ ശ്രമിച്ചത്. 
   ഡിക്കിക്കുള്ളിലാണ് പാമ്പിനെ സൂക്ഷിച്ചിരുന്നത്. രാജപാളയത്തുനിന്നാണ് പാമ്പിനെ പിടിച്ചതെന്ന് ഇവർ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥർ ഇത് വിശ്വസിക്കുന്നില്ല. ഇതിന് മുമ്പും ഇരുതലയൻ പാമ്പിനെ കടത്തുന്നതിനിടെ പലപ്പോഴായി ഏതാനും പേരെ കുമളിയിൽ പിടികൂടിയിട്ടുണ്ട്. രണ്ട് കിലോ തൂക്കം വയ‌്ക്കുന്നതനുസരിച്ച് എറണാകുളത്ത് എത്തിച്ചാൽ അഞ്ച്  ലക്ഷം രൂപ ലഭിക്കുമെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ നാൽപത് ലക്ഷം രൂപ വരെയും ഇത്തരത്തിലുള്ള പാമ്പിന് ലഭിക്കുമെന്ന് പറയുന്നു. 
   വൻ മാഫിയാ സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായാണ‌് വിവരം. എക്സൈസ് ഇൻസ്പെക്ടർ സി കെ സുനിൽരാജ്, ഇന്റലിജൻസ് ഇൻസ്പെക്ടർ ഷിബുമാത്യു, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണകുമാർ, ഹാപ്പിമോൻ, അനുപ്, സുരേഷ്, രാജേഷ്നായർ, വി രവി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 
പ്രധാന വാർത്തകൾ
Top