16 October Tuesday

കോണ്‍. അധ്യാപക സംഘടന കലോത്സവം തടസ്സപ്പെടുത്തി; ഭക്ഷണവും വെള്ളവുമില്ലാതെ മത്സരാര്‍ഥികള്‍ വലഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

 മുണ്ടിയെരുമ > റവന്യൂജില്ലാ കലോത്സവ നഗരിക്ക് വെളിയില്‍ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തില്‍ അധ്യാപകന് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് കലോത്സവം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് അനുകൂല അധ്യാപകസംഘടനയായ കെപിഎസ്ടിഎയുടെ പ്രതിഷേധം. മത്സരാര്‍ഥികളടക്കമുള്ളവര്‍ക്ക് പ്രഭാതഭക്ഷണം പോലും നല്‍കാതെയായിരുന്നു ഭക്ഷണകമ്മിറ്റിയുടെ ചുമതലയുള്ള അധ്യാപകരുടെ പ്രതിഷേധം. മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യാതെ മത്സരനടത്തിപ്പില്‍ സഹകരിക്കില്ലെന്ന കെപിഎസ്ടിഎ യുടെ നിലപാടു മൂലം അവസാനദിവസം രണ്ട് മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. അധ്യാപകരുടെ നടപടിയില്‍ വലഞ്ഞത് മത്സരാര്‍ഥികളും രക്ഷിതാക്കളുമാണ്. കുടിക്കാന്‍ ഒരുതുള്ളി വെള്ളം പോലും കിട്ടാതെ അവര്‍ വലഞ്ഞു.

 കെപിഎസ്ടിഎ ഭാരവാഹിയും എന്‍ആര്‍ സിറ്റി എസ്എന്‍എം എച്ച്എസ്എസിലെ അധ്യാപകനുമായ എ എസ് അരുണും ഏതാനും ആള്‍ക്കാരുമായി കലോത്സവ നഗരിക്ക് വെളിയിലുള്ള തട്ടുകടയില്‍ ബുധനാഴ്ച വാക്കേറ്റം ഉണ്ടായിരുന്നു. പ്രദേശത്തുള്ള ചിലരുമായി രാഷ്ട്രീയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനിടെയാണ് അധ്യാപകന് മര്‍ദ്ദനമേറ്റെന്നാണ് ആരോപണം. എന്നാല്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ആരോപിച്ച് കെപിഎസ്ടിഎ തൊട്ടുപിന്നാലെ രംഗത്തുവന്നു. അവര്‍ സംഘടിച്ച് മുദ്രാവാക്യം വിളിച്ച് ഭക്ഷണവിതരണം നിര്‍ത്തി പ്രധാനവേദിക്ക് മുന്നില്‍ പ്രതിഷേധിച്ചു. 
  വ്യാഴാഴ്ച രാവിലെ ഭക്ഷണം നല്‍കില്ലെന്ന നിലപാടിലായിരുന്നു അവര്‍. ഇതോടെ മത്സരാര്‍ഥികളും ഒഫീഷ്യല്‍സും അടക്കമുള്ളവര്‍ ദുരിതത്തിലായി. പത്തോടെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ അബൂബക്കര്‍ നെടുങ്കണ്ടം എസ്ഐ ഇ കെ സോള്‍ജിമോന്‍ എന്നിവര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. അക്രമികളെ അറസ്റ്റ് ചെയ്യാതെ മത്സരം നടത്താന്‍ സമ്മതിക്കില്ലെന്ന പിടിവാശിയില്‍ അധ്യാപകര്‍ ഉറച്ചുനിന്നു. 
  കേസെടുത്തതായും അന്വേഷണം നടത്തുമെന്നും എസ്ഐ അറിയിച്ചു. ഡിഡി ഇടപെട്ടതിനെ തുടര്‍ന്ന് ഭക്ഷണം വിതരണം ചെയ്യാമെന്ന് ഒടുവില്‍ അവര്‍ സമ്മതിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മേള ബഹിഷ്കരിക്കുമെന്നായി ഭീഷണി.
  എന്നാല്‍, മത്സരാര്‍ഥികളെ ബുദ്ധിമുട്ടിക്കാനില്ലെന്ന നിലപാടായിരുന്നു കെഎസ്ടിഎയുടേത്. മത്സരം നടത്താന്‍ സന്നദ്ധമാണെന്നും ഡിഡി ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മത്സരാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കാന്‍ സംവിധാനം ഒരുക്കാമെന്ന് സ്കൂള്‍ പിടിഎയും അറിയിച്ചു. ഇക്കാര്യമറിഞ്ഞ പ്രതിഷേധക്കാര്‍ ഡിഡിഇയ്ക്ക് മുന്നില്‍ വീണ്ടുമെത്തി. കേസ് അട്ടിമറിക്കപ്പെടില്ലെന്ന ഉറപ്പു നല്‍കിയാല്‍ സഹകരിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് 11 ഓടെ കലോത്സവം പുനരാരംഭിച്ചു. പിന്നീട് ഉച്ചയോടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയതെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു.
പ്രധാന വാർത്തകൾ
Top