14 November Wednesday
കഞ്ഞിക്കുഴി റസിഡൻഷ്യൽ പോളിടെക്നിക്

പ്രത്യേക സംഘം സ്ഥലം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018
ചെറുതോണി
കഞ്ഞിക്കുഴിയിൽ പട്ടികവർഗ വിദ്യാർഥികൾക്കായി സർക്കാർ അനുവദിച്ച റസിഡൻഷ്യൽ പോളിടെക്നിക്കിന്റെ പ്രാരംഭ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി സ്പെഷ്യൽ ഓഫീസർ സ്ഥലം സന്ദർശിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ നിർദ്ദേശാനുസരണം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സ്പെഷ്യൽ ഓഫീസറെ കഴിഞ്ഞദിവസമാണ‌് നിയമിച്ചത‌്. നിലവിൽ  ഇടുക്കി എൻജിനിയറിങ‌് കോളേജിലെ പ്രിൻസിപ്പലായ സ‌്പൈഷ്യൽ ഓഫീസർ ഡോ. സുമേഷ് ദിവാകരനും സംഘവുമാണ് കഞ്ഞിക്കുഴിയിലെത്തിയത‌്. 
    സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് പോളിടെക്നിക് കോളേജ് അനുവദിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ  മഴുവടി കോളനിയിലാണ് പോളിടെക്നിക്കിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ടൂറിസം കേന്ദ്രമായ പാൽക്കുളംമേടിന്റെ സമീപപ്രദേശത്താണ് കോളേജ് രൂപകൽപന ചെയ്യുന്നത്. അടുത്ത അധ്യായന വർഷം മുതൽ മഴുവടി കമ്യൂണിറ്റി ഹാളിൽ താൽക്കാലികമായി ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്ന് സ്പെഷ്യൽ ഓഫീസറോടൊപ്പം ഉണ്ടായിരുന്ന സി വി വർഗീസ് പറഞ്ഞു. അഞ്ചേക്കർ സ്ഥലമാണ് കോളേജിനായി പഞ്ചായത്ത് ലഭ്യമാക്കുന്നത്. 
    കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ ചന്ദ്രൻകുഞ്ഞ്, പഞ്ചായത്തംഗങ്ങളായ കെ സന്തോഷ് കുമാർ, എം എം പ്രദീപ്, ഊരുമൂപ്പൻ പി കെ സുകുമാരൻ, സാമൂഹ്യ പ്രവർത്തകരായ ഷാജി വാഴക്കാല, ബിജു പുരുഷോത്തമൻ എന്നിവരും സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.
 
പ്രധാന വാർത്തകൾ
Top